എസ്.എന്‍.ഡി.പിയില്‍ കലാപക്കൊടി; സുഭാഷ് വാസുവിന് പിന്നില്‍ സംഘ്പരിവാര്‍
ആലപ്പുഴ: എസ.്എന്‍.ഡി.പിയില്‍ കലാപക്കൊടി ഉയര്‍ത്തുന്ന സുഭാഷ് വാസുവിന് പിന്നില്‍ സംഘ്പരിവാര്‍. സുഭാഷ് വാസുവിനെ മുന്നില്‍ നിര്‍ത്തി എസ്.എന്‍.ഡി.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കാനാണ് ശ്രമം. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതീവഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സുഭാഷ് വാസുവിനൊപ്പം ഇന്നലെ സെന്‍കുമാറും എത്തിയത് ഇതിന്റെ ഭാഗമാണ്. സംഘ്പരിവാര്‍ പിന്തുണയോടെ മാസങ്ങളായി എസ്.എന്‍.ഡി.പിയില്‍ ശക്തമായ വിമത നീക്കങ്ങളാണ് സുഭാഷ് വാസു നടത്തി വന്നിരുന്നത്. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരേ ഗുരുതരമായ കൊലപാത, സാമ്പത്തിക ക്രമക്കേട് ഉള്‍പ്പടെയുള്ള ആക്ഷേപങ്ങളാണ് പലതവണയായി സുഭാഷ് വാസു ഉയര്‍ത്തിയിരിക്കുന്നത്.
സുഭാഷ് വാസു വെള്ളാപ്പള്ളിക്കും തുഷാറിനും ശേഷം എസ്.എന്‍.ഡി.പിയിലെ പ്രധാന നേതാവായിരുന്നു. വിമത നീക്കം ശക്തമാക്കിയതോടെയാണ് സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര എസ്.എന്‍.ഡി.പി യൂനിയന്‍ വെള്ളാപ്പള്ളി പിരിച്ചു വിട്ടത്.
എസ്.എന്‍.ഡി.പി യൂനിയനുകളെ മുന്നില്‍ നിര്‍ത്തി സുഭാഷ് വാസുവിനെയും സംഘ്പരിവാറിനെയും പ്രതിരോധിക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ നീക്കം. മൈക്രോഫിനാന്‍സ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ സുഭാഷ് വാസുവിനെതിരേ ക്രൈബ്രാഞ്ച് അന്വേഷണം നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരില്‍ 22 കോടിയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് എസ്.എന്‍.ഡി.പിയില്‍നിന്ന് പുറത്താക്കിയത്. മൈക്രോഫിനാന്‍സിന്റെ മറവില്‍ എസ്.എന്‍.ഡി.പി മാവേലിക്കര യൂനിയന്‍ പ്രസിഡന്റ് ആയിരിക്കേ കോടികളുടെ അഴിമതി നടത്തിയെന്നാണ് എസ്.എന്‍.ഡി.പി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."