സ്നാപ്ഡീല്‍ 600 തൊഴിലാളികളെ പിരിച്ചുവിടുന്നു, സ്ഥാപകര്‍ കൂലിയില്ലാ പണിയെടുക്കും
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ വിപണനക്കാരായ സ്നാപ്ഡീല്‍ 600 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്നു. സ്നാപ്ഡീലിനെക്കൂടാതെ സഹോദര സ്ഥാപനങ്ങളായ വുള്‍കാന്‍, ഫ്രീചാര്‍ജ്ജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്.
കമ്പനിയുടെ സഹ- സ്ഥാപകരായ കുണാല്‍ ബാലും രോഹിത് ബന്സാലയും ഒരു ശമ്പളവും വാങ്ങാതെ ജോലിയെടുക്കാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ പിരിച്ചുവിടല്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
തൊഴിലാളികള്‍ക്കയച്ച ഇ മെയിലിലൂടെയാണ് സ്ഥാപകര്‍ ഇക്കാര്യം അറിയിച്ചത്. കമ്പനി തുടങ്ങി വര്‍ഷങ്ങളായിട്ടും പ്രതീക്ഷിത ലാഭം വന്നുചേര്‍ന്നിട്ടില്ലെന്നും കമ്പനിയുടെ ലക്ഷ്യങ്ങളും സ്വഭാവങ്ങളും മാറ്റുകയാണെന്നും അറിയിച്ചു കൊണ്ടാണ് മെയില്‍. വ്യവസായ സംരഭകത്വത്തിലേക്ക് ചായുകയാണെന്നാണ് മെയിലില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ചില ജീവനക്കാരെ ഒഴിവാക്കുന്നുവെന്നും സഹപ്രവര്‍ത്തകരെ പിരിച്ചുവിടുന്നതില്‍ വളരെ ദു:ഖമുണ്ടെന്നും മെയിലില്‍ പറയുന്നു.
ആമസോണ്‍, ഫഌപ്കാര്‍ട്ട് കമ്പനികളോട് വിപണിയില്‍ മത്സരിക്കുന്ന സ്നാപ്ഡീലിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. രാജ്യത്താകമാനം 8000 പേരാണ് സ്നാപ്ഡീലിന്റെ കീഴില്‍ തൊഴിലെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."