മത്തിക്കൊതിയന്‍മാര്‍ക്ക് ദുഃഖവാര്‍ത്ത, എല്‍നിനോ വീണ്ടും പാരയാകും
സംസ്ഥാനത്ത് മത്തിയുടെ ലഭ്യത കുറയാന്‍ സാധ്യതയെന്ന് സി.എം. എഫ്.ആര്‍.ഐ
കൊച്ചി: സംസ്ഥാനത്തിന്റെ തീരമേഖലയില്‍ വരുന്ന വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതാണ് ഇതിനു കാരണം. മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ ലഭ്യത പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുന്‍പ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്.
ഉല്‍പാദനത്തിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും എല്‍നിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സി.എം.എഫ്.ആര്‍.ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം നിഗമനത്തിലെത്തിയത്. 2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍, എല്‍നിനോയുടെ വരവോടെ അടുത്ത ഓരോ വര്‍ഷങ്ങളിലും ഗണ്യമായി കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട,് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. എല്‍നിനോ വീണ്ടും സജീവമായത് 2018ല്‍ മത്തിയുടെ ഉല്‍പാദനത്തില്‍ മാന്ദ്യം അനുഭവപ്പെടാനും കാരണമായി.
വരും നാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ അമേരിക്കയിലെ നാഷനല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസഫറിക് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018ല്‍ എല്‍നിനോ തുടങ്ങിയെന്നും 2019ല്‍ താപനിലയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐ.എം.ഡി) പ്രസ്താവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വരും വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടായേക്കുമെന്ന് സി.എം.എഫ്.ആര്‍.ഐ മുന്നറിയിപ്പ് നല്‍കുന്നത്.
2015-16 വര്‍ഷങ്ങളില്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് കേരള തീരങ്ങളിലെ മത്തിയില്‍ വളര്‍ച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന സി.എം.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ഇ.എം അബ്ദുസ്സമദ് പറഞ്ഞു. ഇതില്‍ നിന്നും മുക്തി നേടി മത്തിയുടെ സമ്പത്ത് കടലില്‍ പൂര്‍ണ സ്ഥിതിയിലെത്തുന്നതിന് മുന്‍പ് അടുത്ത എല്‍നിനോ ആരംഭിച്ചതാണ് ഇപ്പോള്‍ ആശങ്കയുളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതും ഇവിടെയാണ്. മാത്രവുമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്തിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന പഠനഗ്രന്ഥം സി.എം.എഫ്.ആര്‍.ഐ ഉടന്‍ പുറത്തിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."