വളര്‍ത്തുമൃഗങ്ങള്‍ക്ക് കുടിവെള്ളമില്ല; അട്ടപ്പാടിയില്‍ കന്നുകാലികളെ കൂട്ടത്തോടെ വിറ്റൊഴിവാക്കുന്നു
പാലക്കാട്: അനുദിനം വരള്‍ച്ച രൂക്ഷമാകുന്ന അട്ടപ്പാടിയില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ക്ഷീരകര്‍ഷകര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൂട്ടത്തോടെ വിറ്റൊഴിവാക്കുന്നു. മൃഗങ്ങള്‍ക്കു നല്‍കാനാവശ്യമായ വെള്ളം കിട്ടാതായതോടെയാണ് കൂട്ടത്തോടെ ചത്തുപോകും മുന്‍പ് കിട്ടിയ വിലയ്ക്ക് ഇവയെ വിറ്റുതീര്‍ക്കുന്നത്. അവസരം മുതലെടുത്ത് തമിഴ്‌നാട്ടിലേയും കേരളത്തിലേയും കന്നുകാലി, ആട് കച്ചവടക്കാര്‍ അട്ടപ്പാടിയില്‍ ക്യാംപ് ചെയ്ത് പ്രദേശവാസികളെ ചൂഷണം ചെയ്യുന്നവസ്ഥയാണുള്ളത്.
മൃങ്ങളുടെ മൂല്യത്തിന്റെ പകുതി വിലപോലും നല്‍കാതെയാണ് ഏജന്റുമാര്‍ മുഖേന വ്യാപാരികള്‍ മൃഗങ്ങളെ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. അട്ടപ്പാടിയിലെ 190 ആദിവാസി ഊരുകളിലും കര്‍ശനമായ നിയന്ത്രിത അളവിലാണ് ടാങ്കര്‍ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നത്. ഇതില്‍ നിന്നും വീട്ടുകാരുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ വെള്ളം തികയാത്ത സാഹചര്യത്തിലാണ് മൃഗങ്ങളെ വിറ്റൊഴിവാക്കുന്നത്.
അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളുടെ കുടിനീരിനായി ഉപയോഗിക്കുന്ന ശിരുവാണി, ഭവാനി പുഴകളില്‍ ഏതാണ്ട് പൂര്‍ണമായി നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. വെള്ളമില്ലാത്തതിനാല്‍ പ്രദേശത്തെ തൊണ്ണൂറ് ശതമാനത്തിലധികം കുടിവെള്ള പദ്ധതികളും പൂര്‍ണമായും നോക്കുകുത്തിയായിട്ടുണ്ട്. അട്ടപ്പാടിയുടെ കുടിവെള്ളസ്രോതസ്സായി ഉപയോഗിക്കുന്ന ശിരുവാണിയില്‍ നിന്നു തന്നെയാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്. ശിരുവാണി വറ്റിയതിനെ തുടര്‍ന്ന് അട്ടപ്പാടി- മേട്ടുപ്പാളയം അതിര്‍ത്തിയോട് ചേര്‍ന്നുള്ള അത്തിക്കടവ് ഡാമില്‍ നിന്നാണ് നീരുറവയുടെ ലഭ്യതയനുസരിച്ച് അല്‍പ്പാല്‍പ്പമായി പമ്പ് ചെയ്ത് ഇവിടങ്ങളില്‍ കുടിവെള്ളമെത്തിക്കുകയാണിപ്പോള്‍.
1987 ല്‍ ഉണ്ടായ വരള്‍ച്ചക്കു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. അനിയന്ത്രിതമായ തോതിലുള്ള വനനശീകരണവും കാലാവസ്ഥാ വ്യതിയാനവുമാണ് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നത്. അട്ടപ്പാടിയില്‍ മാര്‍ച്ച് പകുതിയോടെ രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.
87ലെ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ അട്ടപ്പാടിയില്‍ ജപ്പാന്‍ പരിസ്ഥിതി പുനസ്ഥാപന പദ്ധതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് പ്രദേശത്ത് പരിസ്ഥിതി സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പതിനൊന്നുവര്‍ഷക്കാലം അട്ടപ്പാടി വരള്‍ച്ചയെ അതിജീവിച്ച് പച്ചപ്പിനെ തിരികെ പിടിച്ചതോടെ പദ്ധതി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."