ആത്മീയ വെളിച്ചം തേടി മജ്‌ലിസുന്നൂറിന് പതിനായിരങ്ങള്‍
ഫൈസാബാദ് (പട്ടിക്കാട്): ആത്മാവിന്റെ സംസ്‌കരണത്തിന് പൈതൃക പാതയെ നെഞ്ചേറ്റി മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ വിശ്വാസിസാഗരം. അസ്വ്ഹാബുല്‍ ബദ്‌റിന്റെ സ്മരണകള്‍ നിറഞ്ഞ ആത്മീയ നഗരി ഖുര്‍ആന്‍ പാരായണവും അസ്മാഉല്‍ ബദര്‍ പാരായണവും പ്രാര്‍ഥനയും കൊണ്ടു ഭക്തിസാന്ദ്രമായി. ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടന്നുവരുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. മനസുകള്‍ ശുദ്ധീകരിച്ച് ഹൃദയങ്ങളെ സ്രഷ്ടാവിലേക്കു തിരിക്കുകയാണ് പ്രതിസന്ധികളിലെ വിമോചന മാര്‍ഗമെന്നും മഹാത്മാക്കളുടെ സ്മരണകളാല്‍ നാടും ഭവനങ്ങളും സമൃദ്ധമാക്കുകയാണ് വിജയത്തിന്റെ വഴിയെന്നും സംഗമം ഉദ്‌ബോധിപ്പിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് പ്രയാസദൂരീകരണത്തിനും നാടിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി ആത്മീയ സംഗമത്തില്‍ ജനലക്ഷങ്ങള്‍ പ്രാര്‍ഥിച്ചു.
ചടങ്ങില്‍ മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രഭാഷണം നടത്തി. അല്‍ മുനീര്‍ സമ്മേളന സുവനീര്‍, അന്നൂര്‍ അറബി മാസിക എന്നിവ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍,ഒ.ടി മൂസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ചെമ്പുലങ്ങാട് മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഇമ്പിച്ചിക്കോയ കൊടക്കാട്, ശമീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഫസല്‍ തങ്ങള്‍, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി തുടങ്ങി നിരവധി മഹത് വ്യക്തിത്വങ്ങള്‍ മജ്‌ലിസുന്നൂര്‍ വേദിയില്‍ ഒത്തുചേര്‍ന്നു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംസാരിച്ചു.
മജ്‌ലിസുന്നൂര്‍ പ്രാര്‍ഥനക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."