പൗരത്വം തെളിയിക്കാന്‍ രേഖകള്‍തേടി ഇബ്രാഹീമും മറിയക്കുട്ടിയുമെത്തി, മഹാരാഷ്ട്രയില്‍നിന്ന്
എരുമപ്പെട്ടി(തൃശൂര്‍): പൗരത്വം തെളിയിക്കാന്‍ രേഖകള്‍ തേടി വൃദ്ധ ദമ്പതികളായ ഇബ്രാഹീമും മറിയകുട്ടിയും മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലെത്തി. ഇബ്രാഹീം പ്രാഥമിക പഠനം നടത്തിയ വേലൂര്‍ ആര്‍.എം.എല്‍.പി.സ്‌കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങുവാന്‍ വേണ്ടിയാണ് പിതാവ് നാലകത്ത് അബ്ദുള്‍റഹ്മാന്റെ ജന്‍മനാടായ തൃശൂര്‍ വേലൂരില്‍ എത്തിയത്. 'എനിക്ക് 76 വയസായി, മറിയകുട്ടിക്ക് 65 ഉം. പൗരത്വം നഷ്ടപ്പെടുമെന്നുള്ള പേടികൊണ്ട് തന്നെയാണ് ഈ പ്രായത്തിലും ശാരീരിക അവശതയുള്ള ഞങ്ങള്‍ ഇത്രയും ദൂരം യാത്ര ചെയ്തത്'- ഇബ്രാഹിം പറയുന്നു. 'മലയാളി കുടുംബാംഗങ്ങളാണെങ്കിലും ഞങ്ങള്‍ ജനിച്ചത് ഗോവയിലാണ്. ജോലി സംബന്ധമായി കുടുംബവുമൊന്നിച്ച് 33 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ ചിപ്ലൂണിലേക്ക് താമസം മാറി. ആധാര്‍ കാര്‍ഡും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍കാര്‍ഡും ഉണ്ട്. എന്നാല്‍ പൗരത്വം തെളിയിക്കാന്‍ ഇതൊന്നും പോരാ എന്നാണ് പറയുന്നത്. ഗൃഹനാഥനായ എന്റെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ വേണമത്രെ. 1944ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഗോവയില്‍ ജനിച്ച എനിക്ക് എവിടെനിന്നാണ് ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ബാപ്പയുടെ തറവാടായ വേലൂര്‍ തലക്കോട്ട്ക്കരയില്‍ കുട്ടിക്കാലത്ത് മൂന്ന് വര്‍ഷം താമസിച്ചിട്ടുണ്ട്.
ഈ സമയം വേലൂര്‍ ആര്‍.എം.എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വരെ പഠിച്ചിട്ടുമുണ്ട്. അതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്റെ രേഖകള്‍ ഇല്ലാത്തതു കൊണ്ട് മക്കള്‍ക്കൊന്നും സംഭവിക്കരുത് -അബ്ദുള്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ശബ്ദം ഇടറിയുള്ള ഈ വാക്കുകളില്‍ നിസ്സഹായതയും ഭയവുമുണ്ട്.
പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുമോയെന്നുള്ള ആശങ്കയിലാണ് 1953-54 അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ഇബ്രാഹിമും മറിയകുട്ടിയും വേലൂരിലെ ബന്ധുവായ നാലകത്ത് അബൂബക്കറിന്റെ വീട്ടിലെത്തിയത്. 2020 ഏപ്രില്‍ മാസം അവസാനത്തോടെ മഹാരാഷ്ട്രയില്‍ എന്‍.ആര്‍.സി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥരില്‍ നിന്നും വിവരം ലഭിച്ചതായി ഇവര്‍ പറയുന്നു.
ജനന രേഖകളില്ലാത്തതിനാല്‍ തങ്ങളുടെ ജില്ലയില്‍ നൂറ് കണക്കിന് മുസ്‌ലിം കുടുംബങ്ങള്‍ ഭയത്തോടെ കഴിയുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഇബ്രാഹീമും ഭാര്യയും മഹാരാഷ്ട്രയിലേക്ക് മടങ്ങി. ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമാക്കിയ പല മുസ്‌ലിം മലയാളി കുടുംബങ്ങളും അടിസ്ഥാന രേഖകള്‍ സംഘടിപ്പിക്കാന്‍ കേരളത്തില്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."