കശ്മിര്‍: പാക് നീക്കം അപലപനീയമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കശ്മിര്‍വിഷയം ചൈന വഴി യു.എന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള പാകിസ്താന്റെ നീക്കം അപലപനീയമാണെന്ന് ഇന്ത്യ. ഇത് യു.എന്‍ രക്ഷാ സമിതിയെ ദുരുപയോഗം ചെയ്യലാണെന്നും ഇന്ത്യന്‍ വിദേശ കാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ഭാവിയില്‍ ഇത്തരം നീക്കങ്ങളില്‍ നിന്നു പാകിസ്താന്‍ പിന്‍മാറിയാല്‍ ആഗോളഅസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ അവസരമുണ്ടാവും. ആഗോള തലത്തില്‍ പാകിസ്താന്റെ എക്കാലത്തെയും സഖ്യകക്ഷിയായ ചൈനയും ജാഗ്രത പുലര്‍ത്തണമെന്നും വിദേശ കാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
കശ്മിര്‍ വിഷയം അടച്ചിട്ട മുറിയില്‍ ചര്‍ച്ചചെയ്യണമെന്ന് ചൈനയുടെ അടിയന്തര പ്രമേയത്തില്‍ ഇന്നലെ യു.എന്‍ രക്ഷാസമിതി യോഗം വിളിച്ചിരുന്നു. എന്നാല്‍ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. സമിതിയിലെ സ്ഥിരാംഗങ്ങളായ ഫ്രാന്‍സ്, റഷ്യ, യു.എസ്, യു.കെ എന്നീ രാജ്യങ്ങള്‍ ഈ നിലപാട് വ്യക്തമാക്കിയതോടെ വിഷയം ചര്‍ച്ച ചെയ്യാതെ യോഗം പിരിയുകയായിരുന്നു.
കശ്മിര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യാ-പാക് ഉപയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നുമാണ് നേരത്തെയും ഈ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാട്.
ഇത് മൂന്നാം തവണയാണ് പാകിസ്താന്‍ ചൈന വഴി കശ്മിര്‍ വിഷയം രക്ഷാസമിതിയില്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ നീക്കവും പാളിയിരുന്നു.
എന്തുകൊണ്ടാണ് ചൈന ഇത്തരം നീക്കത്തിന് ശ്രമിക്കുന്നത്?. ഇത്തരമൊരു നീക്കത്തില്‍ നിന്നു അവര്‍ പിന്മാറുമെന്നാണ് തന്റെ അനുമാനമെന്നും രവീഷ്‌കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."