ആന്‍സി സോജന് കായികവകുപ്പ് പ്രതിമാസം 15,000 രൂപ നല്‍കും
തിരുവനന്തപുരം: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കൗമാര കായികതാരം ആന്‍സി സോജന് പ്രതിമാസം 15,000 രൂപ പരിശീലനത്തിന് നല്കാന് തീരുമാനിച്ചു. ജി.വി രാജ സ്പോര്‍ട്സ് അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മന്ത്രി ഇ.പി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. എ.പി.ജെ അബ്ദുല്‍ കലാം സ്കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 500 രൂപ എന്ന നിലയിലാണ് തുക നല്‍കുക.
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ നാലുസ്വര്‍ണം നേടിയ ആന്‍സി കേരളത്തിന് ഓവറോള്‍ കിരീടം നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആകെ എട്ട് സ്വര്‍ണമാണ് മീറ്റില്‍ കേരളം സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍ നടന്ന ഖേലോ ഇന്ത്യ യൂത്ത് അത്ലറ്റിക്സില് അണ്ടര്‍ 21 വിഭാഗത്തില്‍ ആന്‍സി റിലേയില്‍ ഉള്‍പ്പെടെ മൂന്ന് സ്വര്‍ണം നേടിയിരുന്നു.
സംസ്ഥാന സ്കൂള്‍ കായികമേളയിലും ആന്‍സി മികച്ച പ്രകടനം നടത്തിയിരുന്നു. പങ്കെടുത്ത മൂന്നിനത്തിലും റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോഹ് ജംപ്, 100, 200 മീറ്ററുകളിലാണ് സ്വര്‍ണം നേടിയത്. ലോങ്ജംപില്‍ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച ദൂരം കണ്ടെത്തി സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി ആറു മീറ്റര്‍ ദൂരം പിന്നിടുന്ന പെണ്‍കുട്ടിയായി മാറി. 6.05 മീറ്റര്‍ എന്ന ദേശീയ റെക്കോര്‍ഡ് 6.24 ആയി തിരുത്തിയെഴുതി.
തുടര്‍ന്ന് 100 മീറ്ററില്‍ 12.05 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി വേഗയതയേറിയ താരമായി. പിന്നീട് 200 മീറ്ററിലും മീറ്റ് റെക്കോര്‍ഡ് നേടി ട്രിപ്പിള്‍ സ്വര്‍ണവും ട്രിപ്പിള്‍ റെക്കോര്ഡുമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."