'ഇരിപ്പിടം' ഉത്തരവില്‍ മാത്രം
#സുനി അല്‍ഹാദി
കൊച്ചി: എട്ടും പത്തും മണിക്കൂറുകള്‍ നിന്നുകൊണ്ട് തൊഴില്‍ചെയ്യുന്ന വനിതകള്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ 'ഇരിപ്പിടം' ഉറപ്പാക്കി പുറപ്പെടുവിച്ച ഉത്തരവിറങ്ങി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴും വനിതകളുടെ 'നില്‍പ്' ദുരിതത്തിന് അറുതിയാകുന്നില്ല.
2018 ഒക്ടോബര്‍ നാലിനാണ് കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ ഭേദഗതി ചെയ്തുകൊണ്ട് ടെക്‌സ്റ്റൈല്‍സ് ഷോപ്പുകള്‍, ജ്വല്ലറികള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്ക് ഇരിപ്പിടവകാശം ഉറപ്പാക്കികൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതേ മേഖലകളില്‍ സെക്യൂരിറ്റിയായും മറ്റും പണിയെടുക്കുന്ന പുരുഷന്‍മാരുമുള്‍പ്പെടെയുള്ള ദീര്‍ഘനേരം ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞദിവസം തൊഴില്‍വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ പകുതിയിലേറെ സ്ഥാപനങ്ങളും ഈ സൗകര്യം ഒരുക്കിയില്ലെന്നാണ് തെളിഞ്ഞത്.
സംസ്ഥാനത്തുടനീളം 239 സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. ടെക്‌സ്റ്റൈല്‍സുകളും ജ്വല്ലറികളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 124 സ്ഥാപനങ്ങള്‍ ഇരിപ്പിടം ഒരുക്കിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതലും മുകളില്‍ നിന്നും സാധനങ്ങള്‍ എടുക്കാനുപയോഗിക്കുന്ന ചെറിയ സ്റ്റൂളുകളാണ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇരിപ്പിടമായി സജ്ജമാക്കിയിരുന്നത്. 115 സ്ഥാപനങ്ങളിലാകട്ടെ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ ഒരു സൗകര്യവും ഒരുക്കിയിരുന്നില്ല. മൂന്ന് ദിവസത്തിനുള്ളില്‍ സൗകര്യം ഒരുക്കണമെന്ന് താക്കീതുനല്‍കി അധികൃതര്‍ മടങ്ങുകയായിരുന്നു. ഇരിപ്പിടം അനുവദിച്ചില്ലെങ്കില്‍ അയ്യായിരം രൂപമുതല്‍ കടയുടമയ്ക്ക് പിഴ ചുമത്താനും നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്. തുടരെതുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയും നല്‍കും.പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുന്ന ഇത്തരം കേസുകള്‍ മജിസ്‌ട്രേറ്റ് കോടതിയായിരിക്കും പരിഗണിക്കുക.
തുച്ഛമായ ശമ്പളത്തില്‍ തൊഴിലെടുക്കുന്ന വനിതകള്‍ക്ക് ഏറെ ആശ്വാസമാകുന്നതായിരുന്നു ഇരിപ്പിടം ഒരുക്കികൊണ്ടുള്ള ഉത്തരവ്.എന്നാല്‍ പല വന്‍കിട ടെക്‌സ്റ്റൈല്‍സുകളും ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ നാമമാത്രമാണെന്നാണ് ഇവിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ പറയുന്നത്. നൂറിലധികം തൊഴിലാളികളുള്ള കടകളില്‍ വിരലിലെണ്ണാവുന്ന ഇരിപ്പിടങ്ങള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഓര്‍ഡിനന്‍സ് ഇറങ്ങിയ ഉടന്‍തന്നെ തൊഴില്‍വകുപ്പ് അധികൃതര്‍ ഇത്തരം തൊഴില്‍സ്ഥാപനങ്ങളില്‍ നേരിട്ടെത്തി നിയമം നടപ്പാക്കുന്നതിനെപ്പറ്റി ബോധവല്‍ക്കരണം നടത്തിയെങ്കിലും പലരും മുഖവിലക്കെടുത്തില്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.വരും ദിവസങ്ങളില്‍ ഘട്ടംഘട്ടമായി സ്ഥാപനങ്ങളില്‍ പരിശോധനനടത്തി നിയമനടപടിയിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."