ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് യു.എസിനോട് കംബോഡിയ
നോം പെന്‍: തങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ യു.എസ് അടക്കമുള്ള വിദേശ രാജ്യങ്ങള്‍ ഇടപെടരുതെന്ന് കംബോഡിയന്‍ പ്രധാനമന്ത്രി സംഡെക്ക് ടെക്കോ ഹന്‍ സെന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ വിദേശ രാജ്യങ്ങളുടെ അഭ്യന്തര വിഷയങ്ങളില്‍ ഇടപെടാത്തത് പോലെ അവര്‍ ഞങ്ങളുടെ വിഷയങ്ങളിലും കൈക്കടത്തരുതെന്ന് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കംബോഡിയന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തിയതില്‍ അമേരിക്ക ഉത്കണഠ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കംബോഡിയന്‍ പ്രധാനമന്ത്രി പ്രസ്താവനയിറക്കുന്നത്.
ഒരു പരമാധികാര രാഷ്ട്രമായ കംബോഡിയയുടെ അധികാരത്തെയും സ്വാതന്ത്രത്തെയും സമഗ്രതയെയും ഏവരും ബഹുമാനിക്കണമെന്നും അഭ്യന്തര വിഷയങ്ങളില്‍ ഇടപെടാനുള്ള വിദേശ രാജ്യങ്ങളുടെ ഒരു ശ്രമത്തെയും അംഗീകരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കംബോഡയയില്‍ കഴിഞ്ഞ ദിവസമുണ്ടായ നിയമ നിര്‍മാണ ഭേദഗതിയിലൂടെ കുറ്റവാളികളായി കണ്ടെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പിരിച്ചുവിടാനുള്ള പ്രത്യേക അധികാരം സുപ്രിംകോടതിക്ക് നല്‍കുന്ന നിയമമാണ് നിലവില്‍ വന്നത്. പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കല്‍, ഇതിനായുള്ള ശ്രമം തുടങ്ങിയവ പുതിയ നിയമത്തിലൂടെ രാജ്യസുരക്ഷാ വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."