പുരസ്‌കാരങ്ങള്‍
#ജാവിദ് അഷ്‌റഫ്
നോട്ടുബുക്കില്‍ നിങ്ങളുടെ ക്ലാസ് ടീച്ചര്‍ ഗുഡ് എന്നെഴുതിയാല്‍ നിങ്ങള്‍ക്കെത്ര സന്തോഷമാകും. ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയതിന്റെ പേരില്‍ കുട്ടികളുടെ മുന്നില്‍വച്ച് ഒരു സമ്മാനം നല്‍കി അഭിനന്ദിക്കുകയാണെങ്കിലോ. നിങ്ങള്‍ തുള്ളിച്ചാടുക തന്നെ ചെയ്യും.
സമൂഹം എക്കാലത്തും കഴിവുകളെ അംഗീകരിച്ചിരുന്നു.
പഴയകാലത്ത് സമൂഹത്തിലെ മികച്ച കലാകാരന്മാര്‍, കായികതാരങ്ങള്‍, ഭിഷഗ്വരന്മാര്‍, പണ്ഡിതന്മാര്‍ എന്നിവരെ രാജാക്കന്മാര്‍ പട്ടുംവളയും നല്‍കി ആദരിച്ചിരുന്നു. ആദ്യകാല ഒളിമ്പിക്‌സില്‍ ഓട്ടമത്സരം മാത്രമായിരുന്നു നടന്നിരുന്നത്. ഇതില്‍ വിജയിയാകുന്നവര്‍ക്ക് ഒലീവ് ഇലകള്‍ കൊണ്ടുള്ള കിരീടമായിരുന്നു അവാര്‍ഡ്.
മനുഷ്യജീവിതം സംസ്‌കാര സമ്പന്നമാകുകയും വൈവിധ്യമാര്‍ന്ന മേഖലകളില്‍ മനുഷ്യന്‍ കഴിവു തെളിയിച്ചു തുടങ്ങുകയും ചെയ്തതോടെ അവാര്‍ഡുകളുടെ കുത്തൊഴുക്കും തുടങ്ങി. പ്രസിദ്ധമായ ഏതാനും അവാര്‍ഡുകളെകുറിച്ച് കൂടുതലായി വായിക്കാം.
ലോകം
നൊബേല്‍ സമ്മാനം
ആഗോളതലത്തില്‍ വിവിധ വിഷയങ്ങളില്‍ മഹത്തായ സംഭാവന നല്‍കിയവര്‍ക്ക് നല്‍കപ്പെടുന്ന പുരസ്‌കാരമാണ് നൊബേല്‍ സമ്മാനം. ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് ആല്‍ഫ്രഡ് നൊബേല്‍ എന്ന ശാസ്ത്രജ്ഞനാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉന്നത പുരസ്‌കാരമാണ് നൊബേല്‍. എട്ടു കോടിയോളം വരുന്ന ഇന്ത്യന്‍ രൂപയാണ് നൊബേല്‍ സമ്മാന വിജയിക്ക് ലഭിക്കുന്നത്.
മഗ്‌സസെ അവാര്‍ഡ്
ഏഷ്യയിലെ നോബേല്‍ പുരസ്‌കാരം എന്ന പേരിലാണ് മഗ്‌സസെ പുരസ്‌കാരം അറിയപ്പെടുന്നത് . ഫിലിപ്പൈന്‍സ് പ്രസിഡന്റായിരുന്ന രമോണ്‍ മഗ്‌സസെയുടെ പേരിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 1957 ല്‍ വിമാനാപകടത്തില്‍ മരണമടഞ്ഞ മഗ്‌സസെയുടെ ഓര്‍മയ്ക്കായി നല്‍കി വരുന്ന ഈ പുരസ്‌കാരം പൊതു പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, സാഹിത്യം, സാമുദായിക നേതൃത്വം, സമാധാനം എന്നീ മേഖലകളിലെ മികച്ച സേവനങ്ങള്‍ക്കാണ് നല്‍കുന്നത്. അമ്പതിനായിരം ഡോളര്‍ ആണ് മഗ്‌സസെ പുരസ്‌കാര തുക.
പുലിസ്റ്റര്‍ പ്രൈസ്
മാധ്യമ പ്രവര്‍ത്തകനായ ജോസഫ് പുലിസ്റ്റര്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തനം, ആര്‍ട്‌സ് മേഖകളിലെ മികച്ച സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് നല്‍കി വരുന്നത്. 1917 മുതലാണ് പുലിസ്റ്റര്‍ പ്രൈസ് സമ്മാനിച്ച് തുടങ്ങിയത്. ജുംപാ ലാഹിരിയാണ് പുലിസ്റ്റര്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ വംശജ.
റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം
നൊബേല്‍ സമ്മാനത്തിന് ബദല്‍ എന്ന് അറിയപ്പെടുന്ന പുരസ്്കാരമാണ് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം. നൊബേല്‍ സമ്മാനം നല്‍കി വരുന്ന വിഷയങ്ങള്‍ക്കു പുറമേ പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമായി ഒരോ അവാര്‍ഡ് കൂടി ഉള്‍പ്പെടുത്തണമെന്ന ജര്‍മന്‍ ജീവകാരുണ്യപ്രവര്‍ത്തകനായ ജേക്കബ് വോണ്‍ യൂക്‌സ്‌കലിന്റെ നിര്‍ദ്ദേശം നോബേല്‍ ഫൗണ്ടേഷന്‍ നിരസിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം തന്റെ സ്റ്റാമ്പ് ശേഖരം വിറ്റുണ്ടാക്കിയ പത്ത് ലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ മൂലധനമാക്കി 1980 മുതല്‍ ആണ് ഈ ബഹുമതി നല്‍കി തുടങ്ങിയത്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കി വരുന്ന ഈ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണം, മനുഷ്യവകാശം, വിദ്യാഭ്യാസം, ആരോഗ്യം, സമാധാനം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കിവരുന്നത്.
ഇഗ് നൊബേല്‍
ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന പത്ത് നേട്ടങ്ങള്‍ക്കാണ് നൊബേല്‍ സമ്മാനത്തിന്റെ അപരനായ ഇഗ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ആനല്‍സ് ഓഫ് ഇമ്പോസിബിള്‍ റിസര്‍ച്ച് എന്ന ശാസ്ത്ര നര്‍മ ദ്വൈമാസികയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 1991 മുതലാണ് ഈ പുരസ്‌കാരം ആരംഭിച്ചത്. മാര്‍ക്ക് എബ്രഹാംസ് എന്ന അമേരിക്കക്കാരനാണ് ഈ പുരസ്‌കാരത്തിന്റെ ബുദ്ധി കേന്ദ്രം.
ഏറ്റവും മോശം സിനിമയ്ക്കും
അവാര്‍ഡുണ്ട്
ഗോള്‍ഡന്‍ റാസ്പ്‌ബെറി അവാര്‍ഡ് എന്ന റാസീ അവാര്‍ഡ് നല്‍കുന്നത് ഏറ്റവും മോശം ചലച്ചിത്രം, അഭിനയം, സംവിധാനം എന്നീ മേഖലകളെ മുന്‍ നിര്‍ത്തിയാണ്. ജെ.ബി വാര്‍ട്‌സണ്‍ 1980 മുതലാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
ഇന്ത്യയുടെ നൊബേല്‍
ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത് മഗ്‌സസെ അവാര്‍ഡാണ്. ഇന്ത്യയുടെ നൊബേല്‍ ഭട്‌നാഗര്‍ അവാര്‍ഡ്. ചൈനയുടെ നൊബേല്‍ സമ്മാനമാണ് താങ് പ്രൈസ്. അമേരിക്കയുടെ നൊബേല്‍ സമ്മാനം- ലാസ്‌കര്‍ അവാര്‍ഡ്.
സംഗീതത്തിനുള്ള നൊബേല്‍ സമ്മാനമാണ് പോളാര്‍ പ്രൈസ്. കമ്പ്യൂട്ടര്‍ സയന്‍സിലെ നൊബേല്‍ സമ്മാനം ടൂറിങ് അവാര്‍ഡാണ. ബാല സാഹിത്യെനാബേല്‍ സമ്മാനമാണ് ഹന്‍സ് ക്രിസ്റ്റിയന്‍ ആന്റേഴ്‌സണ്‍ പുരസ്‌കാരം. ഗണിതത്തിനുള്ള നൊബേല്‍ സമ്മാനമാണ് ആബേല്‍ പ്രൈസ്. ഭൂമി ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്നത് വോട്രിന്‍ ലുഡ് ഇന്റര്‍നാഷണല്‍ പ്രൈസ് ആണ്.
ടെമ്പിള്‍ ടണ്‍ അവാര്‍ഡ്
അമേരിക്കാരനായ ജോണ്‍. എം. ടെമ്പിള്‍ടണ്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരമാണ് ടെമ്പിള്‍ ടണ്‍ അവാര്‍ഡ്. 1972 മുതലാണ് ഈ അവാര്‍ഡ് നല്‍കി വരുന്നത്. ആത്മീയത, മതം എന്നിവയിലെ സംഭാവനകള്‍ക്കു നല്‍കി വരുന്ന ടെമ്പിള്‍ ടണ്‍ അവാര്‍ഡ് ആദ്യമായി ലഭിച്ചത് മദര്‍ തെരേസയ്ക്കാണ്. ഒന്‍പതു കോടിയോളം ഇന്ത്യന്‍ രൂപയാണ് ഇപ്പോഴത്തെ അവാര്‍ഡ് തുക.
ഓസ്‌കര്‍
അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ആണ് ഓസ്‌കര്‍ അവാര്‍ഡ് നല്‍കി വരുന്നത്. ചലച്ചിത്ര രംഗത്തെ ഏറ്റവും ഉന്നത പുരസ്‌കാരമാണ് ഓസ്‌കര്‍. അക്കാദമി അവാര്‍ഡ് എന്നും അറിയപ്പെടുന്ന ഓസ്‌കര്‍ പുരസ്‌കാരം ആദ്യമായി ഇന്ത്യയിലെത്തിച്ചത് ഭാനു അതയ്യയാണ്.
ഗ്രാമി അവാര്‍ഡ്
1958 മുതല്‍ സംഗീത രംഗത്തെ മികച്ച സംഭാവനകള്‍ക്ക് നല്‍കിവരുന്ന ഗ്രാമി അവാര്‍ഡ് സംഗീത രംഗത്ത് ലഭ്യമാകുന്ന ഏറ്റവും മികച്ച അന്തര്‍ദേശീയ പുരസ്‌കാരങ്ങളിലൊന്നാണ്. സാക്കിര്‍ ഹുസൈന്‍, എ.ആര്‍ റഹ്മാന്‍ തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കലിംഗ പുരസ്‌കാരം
ശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് കലിംഗ പുരസ്‌കാരം ലഭിക്കുന്നത്.1952 ല്‍ യുനെസ്‌കോ ആണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒറീസ മുഖ്യമന്ത്രിയായിരുന്ന ബിജു പട്‌നായിക് സ്ഥാപിച്ച കലിംഗ ഫൗണ്ടേഷനാണ് ഈ പുരസ്‌കാരത്തിനുള്ള അവാര്‍ഡ് നല്‍കുന്നത്.
ബുക്കര്‍ പ്രൈസ്
ബുക്കര്‍ പ്രൈസ്, മാന്‍ ബുക്കര്‍ ഫോര്‍ ഫിക്ഷന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബുക്കര്‍ പ്രൈസ് ആരംഭിച്ചത് 1969 ലാണ്. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിലുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ക്കാണ് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. ദ് ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എന്ന കൃതിയിലൂടെ അരുന്ധതി റോയ് എന്ന മലയാളിയാണ് ഇന്ത്യയില്‍ നിന്ന് ആദ്യം ഈ അവാര്‍ഡ് സ്വന്തമാക്കിയത്. 2008 ല്‍ ബുക്കര്‍ പ്രൈസിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ ബെസ്റ്റ് ബുക്കര്‍ എന്ന പുതിയൊരു അവാര്‍ഡും സംഘാടക സമിതി ഏര്‍പ്പെടുത്തുകയുണ്ടായി. 1969 മുതല്‍ ബുക്കര്‍ പ്രൈസ് നേടിയ കൃതികളില്‍നിന്ന് ഏറ്റവും മികച്ച കൃതിക്കാണ് ബെസ്റ്റ് ബുക്കര്‍ ലഭ്യമാകുന്നത്. ബ്രിട്ടീഷ് ഇന്ത്യനായ സല്‍മാന്‍ റുഷ്ദിയുടെ മിഡ് നൈറ്റ് ചില്‍ഡ്രന്‍ എന്ന കൃതിയാണ് ഈ സ്‌പെഷ്യല്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 1981 ലാണ് റുഷ്ദിയുടെ ഈ കൃതി ബുക്കര്‍ പ്രൈസ് വിജയം നേടിയത്.
സുന്ദരി പട്ടങ്ങള്‍
സൗന്ദര്യത്തിനും ഒരു അവാര്‍ഡ്. അതാണ് ലോക സുന്ദരി പട്ടവും വിശ്വസുന്ദരി പട്ടവും. ലോക സുന്ദരി പട്ടം (മിസ് വേള്‍ഡ് ടൈറ്റില്‍) ആണ് ലോകത്തെ ഏറ്റവും പഴക്കമുള്ള സൗന്ദര്യ പുരസ്‌കാരം. വിശ്വ സുന്ദരി പട്ടം (മിസ് യൂണിവേഴ്‌സ് ടൈറ്റില്‍) ആണ് പ്രസിദ്ധമായ മറ്റൊരു സൗന്ദര്യ പുരസ്‌കാരം. റീത്താ ഫാരിയ(1966) ആണ് ലോക സുന്ദരി പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി. മിസ് യൂണിവേഴ്‌സ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി സുസ്മിതാ സെന്‍ (1994) ആണ്.
ഇന്ത്യ
ഭാരത രത്‌നം
ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌നം. 1954 മുതലാണ് ഭാരത രത്‌നം നല്‍കുന്ന പതിവ് ആരംഭിച്ചത്. ഇന്ത്യക്ക് വേണ്ടി നല്‍കപ്പെടുന്ന അതിവിശിഷ്ടട സേവനത്തെ മുന്‍ നിര്‍ത്തിയാണ് ഭാരത രത്‌നം നല്‍കുന്നത്.
ഗാന്ധി സമാധാന പുരസ്‌കാരം
1995 മുതല്‍ നല്‍കി വരുന്ന ഗാന്ധി സമാധാന പുരസ്‌കാരം ഇന്ത്യ നല്‍കി വരുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നാണ്. ഒരു കോടി ഇന്ത്യന്‍ രൂപയാണ് അവാര്‍ഡ് തുക. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആണ് ഈ അവാര്‍ഡ് നല്‍കുന്നത്. ആദ്യത്തെ ഗാന്ധി പീസ് പ്രൈസ് ടാന്‍സാനിയയുടെ സ്വാതന്ത്ര്യ സമരനായകനായ ജൂലിയസ് നെരേരക്കാണ് സമ്മാനിക്കപ്പെട്ടത്.
ജവഹര്‍ലാല്‍ നെഹ്‌റു
ഇന്റര്‍നാഷനല്‍ അവാര്‍ഡ്
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് നല്‍കുന്ന ഈ അവാര്‍ഡ് 1965 മുതലാണ് നല്‍കി തുടങ്ങിയത്. ആദ്യ അവാര്‍ഡിന് ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറലായിരുന്ന ഊതാന്റ് അര്‍ഹത നേടി. ഇന്ത്യയില്‍നിന്ന് ഈ അവാര്‍ഡ് ആദ്യം കരസ്ഥമാക്കിയത് അഗതികളുടെ അമ്മയായ മദര്‍ തെരേസയാണ്(1969).
ഇന്ദിരാഗാന്ധി അവാര്‍ഡ് ഫോര്‍ ഇന്റര്‍നാഷനല്‍ ജസ്റ്റിസ് ആന്‍ഡ് ഹാര്‍മണി
ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് ആണ്. ആദ്യത്തെ അവാര്‍ഡ് ജേതാവ് ഫലസ്തീന്‍ നായകന്‍ യാസര്‍ അറഫാത്ത് ആണ്.
ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം
സമാധാനം, നിരായുധീകരണം, വികസനം എന്നീ മേഖലകളിലുള്ള സേവനങ്ങളെ മുന്‍ നിര്‍ത്തി സമ്മാനിക്കപ്പെടുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്. പ്രഥമ അവാര്‍ഡ് ജേതാവ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ ഗ്ലോബല്‍ ആക്ഷന്‍ എന്ന സംഘടനയാണ്.
ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്‌കാരം
കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയമാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തരിശുഭൂമി കൃഷി, വലവല്‍ക്കരണം തുടങ്ങിയ മേഖലകളില്‍ നടത്തുന്ന സേവനങ്ങള്‍ക്കാണ് അവാര്‍ഡ്.
നാഷണല്‍ ഫ്്‌ളോറന്‍സ് നൈറ്റിംഗേല്‍ നഴ്‌സസ് അവാര്‍ഡ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് ആതുര ശുശ്രൂഷാ രംഗത്തെ മികവിനുള്ള അംഗീകാരമായാണ് നല്‍കി വരുന്നത്. നൈറ്റിംഗേലിന്റെ ജന്മദിനത്തിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
പത്മവിഭൂഷണ്‍
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡാണ് പത്മവിഭൂഷണ്‍. വൈവിധ്യമാര്‍ന്ന മേഖലയില്‍ രാഷ്ട്രത്തിനായി സമര്‍പ്പിച്ച സേവനത്തെ മുന്‍ നിര്‍ത്തി നല്‍കപ്പെടുന്നവയാണ്. വി.കെ കൃഷ്ണമേനോന്‍ ആണ് ഈ അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളി.
പത്മഭൂഷണ്‍
പത്മ വിഭൂഷണ്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണ് പത്മഭൂഷണ്‍. വള്ളത്തോള്‍ നാരായണമേനോന്‍ ആണ് ഈ പുരസ്‌കാരം നേടിയ ആദ്യത്തെ മലയാളി.
പത്മശ്രീ
പത്മഭൂഷണ്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന അവാര്‍ഡാണ് പത്മശ്രീ. ഭാരത രത്‌ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ എന്നിവയ്ക്ക് തൊട്ടു താഴെയുള്ള ഈ ബഹുമതി നിരവധി മലയാളികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
രാജീവ് ഗാന്ധി
ഖേല്‍രത്1991 മുതല്‍ നല്‍കി വരുന്ന ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരമാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭ്യമാകുന്ന ഈ അവാര്‍ഡിന്റെ ആദ്യത്തെ വിജയി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ വിശ്വനാഥ് ആനന്ദാണ്. 2002-2003 വര്‍ഷത്തെ മികച്ച കായിക പ്രകടനത്തിന്റെ പേരില്‍ കെ.എം ബീനാമോള്‍ ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യത്തെ മലയാളിയായി.
അര്‍ജ്ജുന അവാര്‍ഡ്
ഇന്ത്യയിലെ മികച്ച കായിക താരത്തിനാണ് അര്‍ജ്ജുന അവാര്‍ഡ് ലഭിക്കുക. അഞ്ച് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. 1961 മുതലാണ് അര്‍ജ്ജുന അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ഹോക്കി, ഫുട്‌ബോള്‍, ക്രിക്കറ്റ്, ചെസ്, ബോക്‌സിംഗ് തുടങ്ങി മുപ്പതോളം കായിക ഇനങ്ങള്‍ ഈ അവാര്‍ഡിന് പരിഗണിക്കും. പി.ടി ഉഷ, ഷൈനി എബ്രഹാം, കെ.എം ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ്ജ് തുടങ്ങിയ മലയാളി കായിക താരങ്ങള്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ദ്രോണാചാര്യ അവാര്‍ഡ്
ഈ അവാര്‍ഡ് കായിക രംഗത്തെ മികച്ച പരിശീലകനാണ് സമ്മാനിച്ചു വരുന്നത്. 1985 മുതല്‍ നല്‍കി വരുന്ന ഈ അവാര്‍ഡിന്റെ സമ്മാനത്തുക അഞ്ച് ലക്ഷം രൂപയാണ്.
ധ്യാന്‍ചന്ദ് അവാര്‍ഡ്
ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേരില്‍ നല്‍കുന്ന ഈ അവാര്‍ഡ് ഇന്ത്യ ഗവണ്‍മെന്റാണ് നല്‍കുന്നത്. കായിക രംഗത്തെ ആജീവനാന്തനേട്ടങ്ങള്‍ക്കാണ് അവാര്‍ഡ്.
ഇന്ത്യാ-സയന്‍സ് അവാര്‍ഡ്
ശാസ്ത്രമേഖലകളിലെ സംഭാവനകളെ മുന്‍ നിര്‍ത്തി ഇന്ത്യ ഗവണ്‍മെന്റ് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡാണിത്. 25 ലക്ഷം ആണ് അവാര്‍ഡ് തുക. എന്‍ജിനീയറിംഗ്, മെഡിഡിന്‍, അഗ്രികള്‍ച്ചര്‍ എന്നിവയുള്‍പ്പെടുന്ന ശാസ്ത്രമേഖലയിലെ മികവാര്‍ന്ന നേട്ടങ്ങള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. പ്രഥമ ഇന്ത്യാ സയന്‍സ് അവാര്‍ഡ് പ്രൊഫസര്‍ സി.എന്‍.ആര്‍ റാവുവിനാണ് ലഭിച്ചത്.
ഇന്‍ഫോസിസ് അവാര്‍ഡ്
ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് ഇന്ത്യയിലെ മികച്ച ശാസ്ത്രനേട്ടങ്ങള്‍ക്കാണ് നല്‍കിവരുന്നത്. 65 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ലൈഫ് സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
എച്ച്.കെ ഫിറോദിയ അവാര്‍ഡ്
1996 മുതല്‍ നല്‍കി വരുന്ന എച്ച്.കെ ഫിറോദിയ അവാര്‍ഡിന് ശാസ്ത്രസാങ്കേതിക മേഖലയിലെ മികച്ച നേട്ടമാണ് പരിഗണിക്കുന്നത്. യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുകയെന്നതാണ് അവാര്‍ഡിന്റെ മുഖ്യലക്ഷ്യം. എ.പി.ജെ അബ്ദുല്‍ കലാമാണ് ആദ്യ അവാര്‍ഡ് ജേതാവ്.
രാമാനുജന്‍ അവാര്‍ഡ്
32 വയസിന് താഴെയുള്ള യുവ ഗണിത ശാസ്ത്രകാരന്മാരെയാണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്. രാമാനുജന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത് തമിഴ്‌നാട്ടിലെ ശാസ്ത്ര സര്‍വകലാശാലയാണ്. പതിനായിരം ഡോളറാണ് അവാര്‍ഡ് തുക.
ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ്
ഇന്ത്യന്‍ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ശാന്തി സ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ്, ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ്. നാല്‍പ്പത്തിയഞ്ച് വയസിനു താഴെയുള്ള ഗവേഷകരുടെ 5 വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപയാണ് അവാര്‍ഡ് തുക. ഒപ്പം 65 വയസുവരെ നിശ്ചിത തുക പ്രതിമാസ വേതനമായി വിജയിക്ക് ലഭിക്കും. ഇന്ത്യന്‍ റിസര്‍ച്ച് ലബോട്ടറീസിന്റെ പിതാവായി അറിയപ്പെടുന്ന ശാന്തി സ്വരൂപ് ഭട്‌നാഗര്‍, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ് ഐ.ആര്‍) സ്ഥാപക ഡയറക്ടര്‍ കൂടിയാണ്.
കാളിദാസ് സമ്മാന്‍
മധ്യപ്രദേശ് സര്‍ക്കാര്‍ മഹാകവി കാളിദാസന്റെ സ്മരണയ്ക്കായി 1980 മുതല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് കാളിദാസ് സമ്മാന്‍. ക്ലാസിക്കല്‍ മ്യൂസിക് ,തിയേറ്റര്‍, പ്ലാസ്റ്റിക് ആര്‍ട്‌സ്, ക്ലാസിക്കല്‍ ഡാന്‍സ് എന്നീ കലാവിഭാഗങ്ങളാണ് സാധാരണയായി വാര്‍ഡിന് പരിഗണിക്കുക. രണ്ടു ലക്ഷം രൂപയാണ് സമ്മാന തുക. ആദ്യത്തെ അവാര്‍ഡ് ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസം ശെമ്മാങ്കുടിയും ക്ലാസിക്കല്‍ സിംഗര്‍ മല്ലികാര്‍ജ്ജുന്‍ മന്‍സൂറും പങ്കിട്ടെടുത്തു.
ലതാ മങ്കേഷ്‌ക്കര്‍ അവാര്‍ഡ്
സംഗീതത്തിലെ പ്രതിഭകളെ കണ്ടെത്താനായി മധ്യ പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. ആദ്യത്തെ അവാര്‍ഡ് സംഗീത മാന്ത്രികന്‍ നൗഷാദിനാണ് ലഭിച്ചത്. മഹാരാഷ്ട്ര സര്‍ക്കാറും സമാനമായ പേരിലുള്ള അവാര്‍ഡ് നല്‍കി വരുന്നുണ്ട്.
ജ്ഞാനപീഠം
1965 മുതലാണ് ജ്ഞാന പീഠ പുരസ്‌കാരം നല്‍കി വരുന്നത്. ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റ് നല്‍കി വരുന്ന ഈ അവാര്‍ഡ് സാഹിത്യ ലോകത്തെ മികച്ച സംഭാവനകള്‍ക്കാണ് സമ്മാനിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന സാഹിത്യ പുരസ്‌കാരം കൂടിയാണ് ജ്ഞാന പീഠം.
ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കുന്ന ആജീവനാന്ത സംഭാവകളെ മുന്‍നിര്‍ത്തി ഭാരത സര്‍ക്കാര്‍ നല്‍കി വരുന്ന അവാര്‍ഡാണിത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികത്തിലാണ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിത്തുടങ്ങിയത്.
സ്വര്‍ണമയൂരവും ചകോരവും
ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് നല്‍കുന്നത് ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ മികവ് പുലര്‍ത്തുന്ന ചിത്രത്തിനാണ്. കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ മികവ് പുലര്‍ത്തുന്ന ചിത്രത്തിന് നല്‍കുന്ന അവാര്‍ഡാണ് സുവര്‍ണ ചകോരം.
ദേശീയ പുരസ്‌കാരം
ഇന്ത്യന്‍ സിനിമാരംഗത്ത് മികച്ച സംഭാവകളര്‍പ്പിച്ച നടീനടന്മാര്‍ക്കുള്ള അവാര്‍ഡാണ് ദേശീയ പുരസ്‌കാരം. ഭരത് അവാര്‍ഡ്, ഉര്‍വ്വശി അവാര്‍ഡ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യത്തെ മലയാളി പി.ജെ ആന്റണിയാണ്.
പ്രേംഭാട്ടിയ അവാര്‍ഡ്
മാധ്യമപ്രവര്‍ത്തകനായ പ്രേംഭാട്ടിയയുടെ പേരില്‍ നല്‍കപ്പെടുന്ന ഈ അവാര്‍ഡ് സമ്മാനിക്കുന്നത് പ്രേംഭാട്ടിയ മെമ്മോറിയല്‍ ട്രസ്റ്റാണ്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
രാംനാഥ് ഗോയങ്ക അവാര്‍ഡ്
ഇന്ത്യയിലെ പത്രപ്രവര്‍ത്തന മികവിന് നല്‍കുന്ന മികച്ച അവാര്‍ഡാണ് രാംനാഥ് ഗോയങ്ക അവാര്‍ഡ്. എക്‌സ്പ്രസ് ഗ്രൂപ്പാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഹെലന്‍ കെല്ലര്‍ അവാര്‍ഡ്
വൈകല്യത്തെ നിസാരവല്‍ക്കരിച്ച് സമൂഹത്തിന് മാതൃകയായ വ്യക്തികള്‍ക്കും വികലാംഗരുടെ അവസര സമത്വത്തിനായി മികച്ച പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ അവാര്‍ഡ് നല്‍കി വരുന്നു.
വീരചക്രങ്ങള്‍
പരമവീര ചക്രം, മഹാവീര ചക്രം, വീര ചക്രം എന്നിവ ഇന്ത്യയിലെ പ്രധാനപ്പെട്ട സൈനിക ബഹുമതികളാണ്. പരമവീര ചക്രമാണ് ഇന്ത്യയുടെ പരമോന്നത സൈനിക ബഹുമതി. മഹാവീര ചക്രമാണ് രണ്ടാമത്തെ ഉന്നത സൈനിക ബഹുമതി. മൂന്നാമത്തെ യുദ്ധകാല സൈനിക ബഹുമതിയാണ്
വീര ചക്രം. ശത്രുവിന്റെ സാന്നിധ്യത്തില്‍ കാഴ്ചവച്ച ധീരതയോ ആത്മബലിയോ അംഗീകരിക്കാന്‍ നല്‍കുന്ന ബഹുമതിയാണ് പരമവീര ചക്രം. ഭാരത രത്‌നം കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനമാണിത്. സമാധാന കാലത്തെ ധീരതയ്ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് അശോക ചക്രം. പരമവീര ചക്രത്തിന് തുല്യമാണ് ഈ ബഹുമതി. സമാധാന കാലത്തു നല്‍കി വരുന്ന രണ്ടാമത്തെ ഉന്നത സൈനിക ബഹുമതിയാണ് കീര്‍ത്തി ചക്ര. വീര ചക്രത്തിന് സമാനമായിട്ടുള്ള സമാധാന കാലത്തെ ബഹുമതിയാണ് ശൗര്യ ചക്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."