ഇരകളോടായിരിക്കണം പൊലിസിന് മൈത്രി: മുഖ്യമന്ത്രി
തിരുവനന്തപുരം: കുറ്റവാളികളോടല്ല, ഇരകളോടായിരിക്കണം പൊലിസിന് മൈത്രിയുണ്ടാവേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരകള്‍ക്കെതിരായ പൊലിസ് പ്രതാപത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പൊലിസിനെ ദുഷിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ തലത്തിലും തിരുത്തല്‍ നടപടികള്‍ വേണം.
സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും ജനമൈത്രി പൊലിസ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനം കനകക്കുന്നില്‍ നടത്തുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
പൊലിസിന് ജനങ്ങളോടായിരിക്കണം മൈത്രി, കുറ്റവാളികളോടാവരുത്. ബീറ്റ്ഓഫിസര്‍മാര്‍ വീടുകളില്‍ പോയാല്‍ മാത്രം ജനമൈത്രിയാവില്ല. ഉദ്യോഗസ്ഥര്‍ കൂടി ഈ സംസ്‌കാരം ഉള്‍ക്കൊള്ളണം.
പൊലിസിന്റെ അടിസ്ഥാനസ്വഭാവം മാറിയില്ലെങ്കില്‍ ജനമൈത്രി കൊണ്ട് ഉദ്ദേശിച്ച ഫലംകിട്ടില്ല. അവശേഷിക്കുന്ന തെറ്റുകള്‍ പൂര്‍ണമായി തുടച്ചുനീക്കണം. എല്ലാറ്റിന്റേയും യജമാനന്മാര്‍ ജനങ്ങളാണെന്ന് മറക്കരുതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറയെ വേദിയിലിരുത്തി മുഖ്യമന്ത്രി തുറന്നടിച്ചു.
ജനങ്ങളുടെ പക്ഷത്തിനെതിരായി മുതലാളിമാരുടെയും മറ്റും പക്ഷത്തുനില്ക്കുന്ന പൊലിസായിരുന്നു പൊതുവില്‍ പഴയകാലത്ത്. ജനങ്ങളെ തല്ലാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് അന്ന് പൊലിസ് കരുതിയിരുന്നു. അത്തരം സമീപനങ്ങളില്‍ 1957 മുതല്‍ മാറ്റം വന്നു. പക്ഷേ, അത്തരം സമീപനങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടവിടെയുണ്ട്. അതുകൂടി പൂര്‍ണമായി മാറണം.
കുറ്റം ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന ഒട്ടേറെ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍, മയക്കുമരുന്നു പ്രചരിപ്പിക്കുന്നവര്‍, സ്ത്രീകളെ വേട്ടയാടുന്നവര്‍ തുടങ്ങി അത്തരത്തിലുള്ള എല്ലാ വിഭാഗങ്ങളെയും പൂര്‍ണമായും നിലയ്ക്കു നിറുത്തുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. ഇത്തരം കുറ്റങ്ങള്‍ക്ക് ഇരയാവുന്ന ജനങ്ങളോടുള്ള മൈത്രി എന്നതാവണം പൊലിസിന്റെ സംസ്‌കാരം. പൊലിസിന്റെ എല്ലാത്തലങ്ങളിലും ഇതിനാവശ്യമായ പ്രവര്‍ത്തനം നടത്തണം. ജനമൈത്രീ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പൂര്‍ണമായ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയായിരുന്നു. ജനമൈത്രി ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം മേയര്‍ അഡ്വ. വി.കെ പ്രശാന്തും, ജനമൈത്രി ജേര്‍ണലിന്റെ പ്രകാശനം മുന്‍ ഡി.ജി.പിമാരായ രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ് എന്നിവരും നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമുട്, സൗത്ത് സോണ്‍ എ.ഡി.ജി.പി ഡോ. ബി സന്ധ്യ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."