മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നു: ചെന്നിത്തല
കൊച്ചി: സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തേണ്ട മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥിതി വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തരംതാണിരിക്കുകയാണ്.
സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു. ആര്‍.എസ്.എസും ബി.ജെ.പിയും സി.പി.എമ്മും ചേരിതിരിഞ്ഞ് അക്രമണം അഴിച്ചുവിടുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും കേരളത്തെ കൊലക്കളമാക്കി. വര്‍ഗീയ സംഘര്‍ഷത്തിനാണ് ഇവര്‍ ശ്രമിക്കുന്നത്. മൂന്നു ദിവസം പിന്നിട്ടിട്ടും അക്രമം തടയാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. പൊലിസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്.
സമാധാനം ആഗ്രഹിക്കുന്നവരാണ് കേരളത്തിലുള്ളത്. സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി അക്രമിക്കുകയാണ്. ആരാധനാലയങ്ങളെപ്പോലും ഇവര്‍ വെറുതേവിടുന്നില്ല.
പേരാമ്പ്രയില്‍ മുസ്‌ലിം പള്ളി അടിച്ചുതകര്‍ത്തതിലൂടെ സി.പി.എം മുന്നോട്ടുവയ്ക്കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണം. സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിമര്‍ശിച്ചാല്‍ അവരെ സംഘികളാക്കി സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുകയാണ്.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം മുന്‍പ് ഉന്നയിച്ചിട്ടില്ല. നിയമനിര്‍മാണം വേണമെന്നാണ് പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ സാഹചര്യത്തിനനുസരിച്ചു നിലപാട് കൈക്കൊള്ളാന്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ക്ക് രൂപംനല്‍കി.
വിശ്വാസ സംരക്ഷണ ആവശ്യവുമായി 23ന് കലക്ടറേറ്റുകളും സെക്രട്ടേറിയറ്റും ഉപരോധിക്കും. വിവേകാനന്ദന്റെ ജന്മദിനമായ 12ന് കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന ആഹ്വാനവുമായി തിരുവനന്തപുരത്ത് ഏകദിന ഉപവാസം നടത്തും. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജനങ്ങളെ വലച്ച സാഹചര്യത്തില്‍ എട്ട്, ഒന്‍പത് തിയതികളിലെ പൊതുപണിമുടക്ക് ഹര്‍ത്താലാക്കി മാറ്റരുതെന്ന് യു.ഡി.എഫ് തൊഴിലാളി സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഗ്രഹമുള്ളവര്‍ക്ക് പണിമുടക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.വി തോമസ് എം.പി, എറണാകുളം ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."