കാരണം കാണിക്കല്‍ നോട്ടിസിന് ജനം മറുപടി പറയും: ടോം ജോസഫ്
കൊച്ചി: അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടിസിനു ജനം മറുപടി പറയുമെന്ന് വോളിബോള്‍ താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ്. തനിക്ക് വാട്‌സ്ആപ്പിലൂടെ ലഭിച്ച കാരണം കാണിക്കല്‍ നോട്ടിസ് പൊതുജനത്തിനു സമര്‍പ്പിക്കുകയാണെന്നും ഇതിനു മറുപടി നല്‍കില്ലെന്നും ടോം ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തനിക്കെതിരേ അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ച മൂന്നു ആരോപണങ്ങളും തെറ്റാണെന്നു ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. കോച്ച് ജി.ഇ ശ്രീധറിനെ കൊറിയര്‍ വഴി ചെരുപ്പ് മാല അയച്ചു അവഹേളിച്ചെന്ന ആരോപണം ശ്രീധര്‍ തന്നെ നിഷേധിച്ചിട്ടുണ്ട്. അസോസിയേഷന്‍ നോമിനേഷന്‍ നല്‍കിയതുകൊണ്ടല്ല 2014ല്‍ തനിക്ക് അര്‍ജ്ജുന അവാര്‍ഡ് ലഭിച്ചതെന്ന പ്രസ്താവനയില്‍ ഇന്നലെയും ടോം ജോസഫ് ഉറച്ചു നിന്നു.
അര്‍ജ്ജുന അവാര്‍ഡ് ജേതാവായ ഉദയകുമാറും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണ് തന്റെ പേരു നിര്‍ദ്ദേശിച്ചത്. എന്നാല്‍ 2012ലും 2013ലും അസോസിയേഷന്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്തുവെന്നതു ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അര്‍ജ്ജുന ലഭിച്ചതിനു ശേഷം വോളിബോളിന്റെ വികസനത്തിനായി താന്‍ ഒന്നും ചെയ്തില്ലെന്ന ആരോപണവും ശരിയല്ല. ചെയ്ത കാര്യങ്ങള്‍ക്ക് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ആളല്ല താനെന്നും ടോം വ്യക്തമാക്കി.
അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്തു നിന്ന് നാലകത്ത് ബഷീര്‍ രാജിവെയ്ക്കണമെന്നു മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടു. വോളിബോളിന്റെ ഉന്നമനത്തിനായി സീനിയര്‍ താരങ്ങളുടെയും പഴയകാല താരങ്ങളുടെയും നേതൃത്വത്തില്‍ പ്ലയേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിക്കും.
വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്ത ഒരു സെക്രട്ടറിക്ക് എങ്ങനെയാണു ടോമിനെതിരേ കാരണം കാണിക്കല്‍ നോട്ടിസ് അയക്കാന്‍ കഴിയുകയെന്ന് അവര്‍ ചോദിച്ചു. 300 രൂപ മുതല്‍ 500 രൂപ വരെയാണ് ദേശീയ മത്സരങ്ങളിലടക്കം പങ്കെടുക്കുമ്പോള്‍ അസോസിയേഷന്‍ ദിന ബത്തയായി താരങ്ങള്‍ക്കു നല്‍കുന്നത്. അതേസമയം വിദേശ ക്ലബുകളില്‍ കളിക്കാനുള്ള അനുമതി വേണമെങ്കില്‍ താരങ്ങള്‍ അസോസിയേഷനു ഒരു ലക്ഷം രൂപ നല്‍കുകയും വേണം.
വോളിബോളിന്റെ ഉന്നമനത്തിനായി അസോസിയേഷന്‍ ഒന്നും ചെയ്യുന്നില്ല. സെക്രട്ടറിയുടെ അവഹേളനത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അസോസിയേഷനെതിരേ അന്വേഷണത്തിനു കായിക മന്ത്രി എ.സി മൊയ്തീന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു നിര്‍ദ്ദേശം നല്‍കിയതായും ടോം ജോസഫ് പറഞ്ഞു. എസ്.എ മധു, ആര്‍.രാജീവ്, എം.സി ചാക്കോ, രാജ് വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വോളിബോള്‍ അസോസിയേഷനെതിരേ
അന്വേഷണം നടത്തും
തിരുവനന്തപുരം: ടോം ജോസഫിനെതിരായ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ നടപടി അംഗീകരിക്കില്ലെന്നു മന്ത്രി എ.സി മൊയ്തീന്‍.
മതിയായ അംഗീകാരം ലഭിച്ചിട്ടില്ലാത്ത, അന്വേഷണ വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ദേശീയ നിലവാരമുള്ള കായികതാരത്തിനെതിരേ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ല.
അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവ അന്വേഷിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
വോളിബോള്‍ അസോസിയേഷനെതിരേ രംഗത്തു വന്നതിനു ടോം ജോസഫിനെതിരേ ഭാരവാഹികള്‍ നടപടിക്കു നീങ്ങിയതോടെയാണ് അദ്ദേഹത്തെ പിന്തുണച്ച് മന്ത്രി രംഗത്തെത്തിയത്.
വോളിബോള്‍ അസോസിയേഷന്‍ തന്നെ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സര്‍ക്കാരിനു കത്തയച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. അര്‍ജ്ജുന അവാര്‍ഡിനേയും അവാര്‍ഡ് ജേതാക്കളേയും മോശമായി പരാമര്‍ശിച്ച അസോ. സെക്രട്ടറി നാലകത്ത് ബഷീറിനെതിരേ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര കായിക മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നു ടോം ജോസഫ് വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് വോളിബോള്‍ അസോസിയേഷനെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നാരോപിച്ച് ടോം ജോസഫിനെതിരേ ഭാരവാഹികള്‍ രംഗത്തു വന്നത്.
സംഭവത്തില്‍ ടോം ജോസഫിനോടു വിശദീകരണം തേടുമെന്നും ഇതിനായി അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയതായും ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ അടക്കം കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."