ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം: വിമാന കമ്പനികള്‍ നേരിടുന്നത് വന്‍ നഷ്ടം
ജിദ്ദ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം മൂലം വിമാന കമ്പനികള്‍ക്ക് നഷ്ടം നേരിടുന്നതായി വ്യോമയാന വ്യവസായ മേഖലാ വിദഗ്ധര്‍. പുതിയ സംഘര്‍ഷങ്ങള്‍ മൂലം ഇറാനും ഇറാഖിനും മുകളിലൂടെയുള്ള വ്യോമമേഖലകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ പാലിക്കാന്‍ നിര്‍ബന്ധിതമായതു മൂലം മധ്യപൗരസ്ത്യ ദേശത്തേക്കുള്ള വിമാന സര്‍വീസുകളുടെ ചെലവ് 16 മുതല്‍ 22 ശതമാനം വര്‍ധിച്ചിട്ടുണ്ട്. യാത്രാ സമയം വര്‍ധിക്കുന്നതിനും ഇത് ഇടയാക്കുകയാണ്.
നിരവധി വിമാന കമ്പനികള്‍ റൂട്ടുകള്‍ മാറ്റിയിട്ടുണ്ട്. വിമാന കമ്പനികള്‍ക്കു മാത്രമല്ല, യാത്രക്കാര്‍ക്കും നഷ്ടം നേരിടുന്നുണ്ട്. വിമാന കമ്പനികളേക്കാള്‍ കൂടുതലായി യാത്രക്കാരെയാണ് മേഖലയിലെ സംഘര്‍ഷങ്ങള്‍ ബാധിക്കുന്നത്. യാത്രാ സമയം വര്‍ധിച്ചതിനു പുറമെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കുന്നതിനും യാത്രക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇറാനും ഇറാഖിനും മുകളിലൂടെയുള്ള വ്യോമപാതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അമേരിക്കന്‍ വിമാന കമ്പനികളെ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിലക്കിയിട്ടുണ്ടെന്ന് വ്യോമയാന മേഖലാ വിദഗ്ധന്‍ സാമി അല്‍റഹൈലി പറഞ്ഞു. സംഘര്‍ഷം മൂലം ഇറാഖ് വ്യോമ മേഖല ഒഴിവാക്കുന്നതിന് യൂറോപ്യന്‍ വിമാന കമ്പനികള്‍ക്ക് യൂറോപ്യന്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഏജന്‍സിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ചില വിമാന കമ്പനികള്‍ റൂട്ടുകള്‍ മാറ്റിയിട്ടുണ്ട്. മറ്റു ചില കമ്പനികള്‍ ഇറാഖിലേക്കും ഇറാനിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.
പതിവ് റൂട്ടുകള്‍ ഒഴിവാക്കി കൂടുതല്‍ സുദീര്‍ഘമായ പാതകള്‍ ഉപയോഗിക്കുന്നതു മൂലം യാത്രാ സമയവും ഇന്ധന ഉപയോഗവും വര്‍ധിക്കുകയാണ്. കൂടുതല്‍ ഇന്ധനം വഹിക്കുന്നതിന് സാധിക്കുന്നതിന് യാത്രക്കാരുടെ എണ്ണം കുറക്കുന്നതിന് ചില വിമാന കമ്പനികള്‍ നിര്‍ബന്ധിതമാവുന്നുണ്ട്. ഇത് വിമാന കമ്പനികള്‍ക്ക് വരുമാന നഷ്ടത്തിനും പ്രവര്‍ത്തന ചെലവ് ഉയരുന്നതിനും ഇടയാക്കുകയാണ്. മധ്യപൗരസ്ത്യ ദേശത്തേക്കുള്ള യാത്രാ ചെലവ് 16 മുതല്‍ 22 ശതമാനം വരെ ഉയരുന്നതിന് പുതിയ സംഘര്‍ഷം ഇടയാക്കിയതായി സാമി അല്‍റഹൈലി പറഞ്ഞു.
ഔദ്യോഗിക സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ നടത്തുന്നതെന്ന് അയാട്ട റീജനല്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ബകരി പറഞ്ഞു. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ വ്യോമപാതകള്‍ ഉപയോഗിക്കുന്നതിന് നിര്‍ബന്ധിതമാകുന്നത് സമയ നഷ്ടത്തിന് ഇടയാക്കുന്നതിനു പുറമെ വിമാന ജീവനക്കാര്‍ക്ക് ഓവര്‍ടൈം വേതനം നല്‍കുന്നതിനും മെയിന്റനന്‍സ് ചെലവ് വര്‍ധിക്കുന്നതിനും വ്യോമപാതകള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്ക് ഇനത്തില്‍ കൂടുതല്‍ തുക വഹിക്കുന്നതിനും നിര്‍ബന്ധിതമാവുകയാണെന്ന് മുഹമ്മദ് അല്‍ബകരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."