അവസാന വാക്ക്
തൃക്കരിപ്പൂര്‍: ഇന്നലെ അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ വെളുത്തമ്പു ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെയും പ്രത്യേകിച്ച് തൃക്കരിപ്പൂരിലെ കോണ്‍ഗ്രസിന്റെയും അവസാന വാക്കായിരുന്നു. അരനൂറ്റാണ്ടിലധികം തൃക്കരിപ്പൂരിലും കാസര്‍കോടും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവായിരുന്നു വെളുത്തമ്പു.
ഉദുമ സര്‍വിസ് സഹകരണ ബാങ്കില്‍ സെക്രട്ടറിയായി ജോലിനോക്കുന്നതിനിടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. എ.ഐ.സി.സി അംഗം കെ.വി കുഞ്ഞമ്പു ഗുരുസ്ഥാനീയനാണ്. 1978ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നതോടെ ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന വെളുത്തമ്പുവിനെ വടക്കന്‍ മേഖലയില്‍ ഐ ഗ്രൂപ്പ് കെട്ടിപ്പെടുക്കുന്നതിന് കെ.പി.സി.സി നേതൃത്വം നിയോഗിച്ചു. ആര് ശങ്കര്‍, ലീഡര്‍ കെ കരുണാകരന് എന്നീ നേതാക്കളുമായി കെ.വി കുഞ്ഞമ്പുവിന്റെ ആത്മ ബന്ധം വെളുത്തമ്പുവിനും തുണയായി.
അവിഭക്ത കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ സ്ഥാനത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ സ്വീകാര്യനായ നേതാവിലേക്കു മാറുന്നത്. കണ്ണൂരിന്റെ ഉറച്ച ശബ്ദമായിരുന്ന എന്‍ രാമകൃഷ്ണന്റെ രാഷ്ട്രീയകളരിയില്‍ വെളുത്തമ്പുവിന് നേതൃപദവിക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു.
സി.പി.എമ്മിനെ വെല്ലുവിളിച്ചും എതിരിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീര്യം പകര്‍ന്ന എന്‍ രാമകൃഷ്ണന്റെ ശൈലി വെളുത്തമ്പുവിനെ ഏറെ സ്വാധീനിച്ചു. കെ കരുണാകരന് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട അടിയന്തരാവസ്ഥകാലത്ത് ലീഡറുടെ നിഴലായിരുന്നു വെളുത്തമ്പു. ആഭ്യന്തര വകുപ്പിന്റെ എല്ലാ ആഘോഷങ്ങളും കണ്ണൂരില്‍ എന്‍ രാമകൃഷ്ണനും കാസര്‍കോട് കെ വെളുത്തമ്പുവുമായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഇത്രമാത്രം ലീഡര്‍ കെ കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി കരുണാകരന് ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് പാളയം വിട്ട് കരുണാകരന്റെ ഡി.ഐ.സിയിലേക്ക് ചേക്കേറാന്‍ വെളുത്തമ്പു തയാറായിരുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."