സര്‍ക്കാര്‍ ചെലവിലെ ലിറ്ററേച്ചര്‍ ഫെസ്റ്റ് സ്വകാര്യ സ്ഥാപനത്തിന്റെ അജന്‍ഡയാക്കുന്നതിനെതിരേ പ്രതിഷേധം, സര്‍ക്കാരിന് മുമ്പില്‍ പരാതിയുമായി പ്രസാധകര്‍
കോഴിക്കോട്: സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകൊണ്ട് നടത്തുന്ന 'കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ ഹൈജാക്കുചെയ്യുകയാണെന്നു ആരോപണം. സംസ്ഥാന സര്‍ക്കാര്‍ വലിയ തോതിലുള്ള ഫണ്ടാണ് ലിറ്റററി ഫെസ്ററിവലിന് നീക്കിവെക്കുന്നത്. കോഴിക്കോടിന്റെ സാംസ്‌കാരിക പ്രബുദ്ധത വിളിച്ചോതുന്ന സാഹിത്യോല്‍സവത്തിന്റെ എല്ലാക്രെഡിറ്റും ഇപ്പോള്‍ സ്വകാര്യ സ്ഥാപനത്തിനാണ്. ധാരാളം വായനക്കാരും എഴുത്തുകാരും പ്രസാധകരും ഉള്ള നഗരമെന്ന നിലയില്‍ കോഴിക്കാട്ടെ മറ്റൊരെയും ഇതിലേക്ക് അടുപ്പിക്കുന്നില്ല.
എല്ലാ പ്രസാധകരുടെയും പങ്കാളിത്തം ഈ പരിപാടിയില്‍ ഇല്ലാത്തതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട്ടെ പ്രമുഖ എഴുത്തുകാരെപോലും പങ്കെടുപ്പിക്കാതെയും അറിയിക്കാതെയും ചിലരെ പരിപാടിയിലേക്ക് ക്ഷണിച്ച് പ്രോഗ്രാം നോട്ടിസില്‍ പേരുവെക്കാതെയുമൊക്കെയാണ് ഈ വര്‍ഷത്തെ മേള നടക്കുന്നത്. ഇതിനെതിരേയും അമര്‍ഷം
പുകയുന്നുണ്ട്. ഈ മേള ഉദ്ഘാടനം ചെയ്യാന്‍ മാത്രമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്ടറിലാണ് ഇന്നലെ വന്നു മടങ്ങിപ്പോയത്.
സര്‍ക്കാര്‍ ഫണ്ടില്‍ ഒരു സ്ഥാപനത്തിന്റെ സ്വകാര്യ പരിപാടി പോലെയാണ് ഈ ഫെസ്റ്റിവല്‍ തുടക്കം മുതല്‍ നടന്നു വരുന്നത്. ഇവരുടേതല്ലാതെ മറ്റൊരു സ്റ്റാളും ഫെസ്റ്റിവല്‍ നഗരിയില്‍ അനുവദിക്കാറില്ല. അവര്‍ക്ക് താല്‍പര്യമുള്ള എഴുത്തുകാരെയും മറ്റുമാണ് പങ്കെടുപ്പിക്കുന്നതും. ഒരു പ്രസാധനാലയത്തിന്റെ കച്ചവട താല്‍പര്യത്തിന് മാത്രമായി സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കുന്നതിനെതിരേയാണ് പ്രതിഷേധം.
അടുത്ത വര്‍ഷം മുതല്‍ എല്ലാ പ്രസാധകരുടെയും പങ്കാളിത്തം ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഉറപ്പ് വരുത്തണമെന്ന് കോഴിക്കോട്ടെ പ്രസാധക കൂട്ടായ്മ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നുവരുന്ന പ്രോഗ്രാമുകളും വിമര്‍ശന വിധേയമായിട്ടുണ്ട്. 'ഇസ്ലാമോഫോബിയ'ക്ക് വളം വെക്കുന്ന തരത്തിലാണ് ചില ചര്‍ച്ചകള്‍. ഇസ്ലാം വിട്ട ശേഷം സംഘ്പരിവാറിന്റെ സ്റ്റേജുകളിലടക്കം ഇസ്ലാമിനെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ ഭത്സിക്കുന്ന ചിലരെ മാത്രം പങ്കെടുപ്പിച്ച് മത രഹിത ജീവിതം ചര്‍ച്ച ചെയ്യുന്ന പരിപാടി അത്തരത്തിലൊന്നായിരുന്നു.
പൗരത്വ ഭേദഗതി നിയമം പാസാക്കിയതിലൂടെ ഇസ്ലാമോഫോബിയ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് ഒരു വിഭാഗത്തിനെതിരെ വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഇത്തരം പരിപാടി. പരിപാടി വിവാദമായപ്പോള്‍ രണ്ട് മത ജീവിതങ്ങളെക്കൂടി ചര്‍ച്ചയിലേക്ക് വിളിച്ച് വിമര്‍ശനം തണുപ്പിക്കാനാണ് സംഘാടകര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ചെലവില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘാടകരുടെ ശ്രമത്തെയും പ്രസാധക സമിതി ശക്തമായി അപലപിച്ചു.
യോഗത്തില്‍ പ്രസിഡന്റ് കുഞ്ഞാലന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റസൂല്‍ ഗഫൂര്‍, വൈസ് ചെയര്‍മാന്‍ കെ.ടി.ഹുസൈന്‍, സിദ്ദീഖ് ടി.പി, ഡോ. ഔസാഫ് അഹ്സന്‍, എം.കെ. ഇസ്മായില്‍, കുഞ്ഞിക്കോയ മാസ്റ്റര്‍, യാസര്‍ അറഫാത്ത്, ടി.കെ. ഹാരിസ്, റഷീദ് മക്കട, മുജീബ് കൂര്‍മത്ത്, വി.എ. മജീദ്, ജലീല്‍, അബ്ദുല്‍ മജീദ് നദ്വി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."