രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ അരുണ്‍ ഭാസ്‌കര്‍
കോഴിക്കോട്ട് തീപിടുത്തമുണ്ടായാല്‍ ആദ്യമെത്തുന്ന ഓഫിസര്‍മാരില്‍ അരുണ്‍ഭാസ്‌കറുണ്ടാവും. കഴിഞ്ഞ അഞ്ചാണ്ടുകളായി നഗരത്തിലെ തീപിടുത്തങ്ങളണയ്ക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമുണ്ട്.
അസി.ഡിവിഷണല്‍ ഫയര്‍ ഓഫിസറാണ് കൊല്ലത്തുകാരനായ അരുണ്‍ ഭാസ്‌കര്‍. തന്റെ ഫോഴ്‌സിന് നിര്‍ദേശങ്ങള്‍ നല്‍കി നിരീക്ഷിക്കുന്നതിന് പകരം നേരിട്ട് കര്‍മരംഗത്തിറങ്ങുകയാണ് അദ്ദേഹത്തിന്റെ സ്വഭാവം. നേരത്തെ മിഠായിത്തെരുവിലുണ്ടായ തീപിടുത്തം അണയ്ക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സേന എത്തിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഷയത്തില്‍ ജനങ്ങളെയും കച്ചവടക്കാരെയും ബോധവല്‍ക്കരിക്കുന്നതിലും അരുണ്‍ ഭാസ്‌കര്‍ മുന്നിലുണ്ട്. ഇന്നലെ മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ ക്ലാസ് എടുക്കവെയാണ് മിഠായിത്തെരുവിലെ തീപിടുത്തത്തെ പറ്റി അരുണിന് വിവരം ലഭിക്കുന്നത്. അവിടെ നിന്നും സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. പല കടകളിലും വയറിങുകളും മറ്റും അടിക്കടി മാറ്റിക്കൊണ്ടിരിക്കയാണ്.
അതിനു പുറമേ ഓരോ കടയിലും അവിടെ സൂക്ഷിക്കാവുന്നതിലും അനേകം മടങ്ങ് സ്‌റ്റോക്ക് തുണിത്തരങ്ങളാണ് വച്ചിരിക്കുന്നതെന്നും ഇത് അപകടത്തിന്റെ വ്യാപ്തികൂട്ടുന്നെന്നും അദ്ദേഹം പറഞ്ഞു. ഫയര്‍ ഫോഴ്‌സിന്റെ ഡിവിഷണല്‍ ഓഫിസറായ അരുണ്‍ അല്‍ഫോന്‍സും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനെത്തിയിരുന്നു.
റിപ്പോര്‍ട്ട്
ഫയലിലുറങ്ങി
കോഴിക്കോട്: തീപിടിത്തം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ സഹിതം ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് 'മുക്കി'.
തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാക്കുന്ന അവസ്ഥയാണ് മിഠായിത്തെരുവിലുള്ളതെന്ന ഫയര്‍ഫോഴ്‌സിന്റെ മുന്‍കരുതല്‍ റിപ്പോര്‍ട്ടാണ് നടപടി സ്വീകരിക്കാതെ മുക്കിയത്.
ഫയര്‍ഫോഴ്‌സ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് ജില്ലാ ഫയര്‍ഫോഴ്‌സ്‌മേധാവി അരുണ്‍ ഭാസ്‌കര്‍ 2015 ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. തീപിടിച്ചാല്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്കു എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ പരിമിതമാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രാധനപ്പെട്ട കാര്യം.
തീപടര്‍ന്നു നിമിഷങ്ങള്‍ക്കുള്ളില്‍ വിവരം അറിഞ്ഞാലും രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇതുകാരണമായിരുന്നു. ഇടവഴികളിലൂടെയാണ് പല കടകളിലേക്കും എത്താനാവുകയെന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്.
അതിനുശേഷവും നിരവധി തീപിടിത്തങ്ങള്‍ നടന്നിട്ടും മിഠായിതെരുവില്‍ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയാറായില്ല.
തീകെടുത്താന്‍ വിമാനത്താവള സേന
കോഴിക്കോട്: മിഠായിത്തെരുവില്‍ അഗ്നിബാധ നിയന്ത്രണാതീനമാവുമെന്ന ഘട്ടം വന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എത്തിയത് മൂന്നു അഗ്നിശമന സേനാ യൂനിറ്റുകള്‍. ആദ്യമെത്തിയ ഫയര്‍ എന്‍ജിന് തെരുവിലെ തീപിടിച്ച സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മറ്റൊരു വഴിയിലൂടെ എത്തിയ ഫയര്‍ഫോഴ്‌സ് വണ്ടി തീയണക്കുന്നതില്‍ വ്യാപൃതരായി. എച്ച്.ഒ.ഡി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ വി .കെ സുനില്‍, ഇ ഫിറോസ്, കെ.ആര്‍ റിനീഷ്, ബിനോജ്, നൗഷാദ്, ജിതേഷ് തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. പതിനായിരം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതും 90 മീറ്റര്‍ ഉയരത്തില്‍ വരേ വെള്ളം ചീറ്റാന്‍ കഴിയുന്നതുമായ പ്രത്യേക ഫയര്‍ ആന്‍ഡ് സേഫ്റ്റി വാഹനമാണ് സ്ഥലത്തെത്തിയത്.
തെരുവിന്റെ ഇടുങ്ങിയ അവസ്ഥയും മറ്റ് ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ ഉള്ളതിനാലും തീപിടുത്ത സ്ഥലത്തേക്ക് വാഹനത്തിന് തുടക്കത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടക്കുകയും ഉച്ചയ്ക്ക് രണ്ടരമണിയോടെ തീ നിയന്ത്രണവിധേയമാക്കുകയുമായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന്
ജനപ്രതിനിധികളും നാട്ടുകാരും
കോഴിക്കോട്: മിഠായിത്തെരുവിലെ സ്വകാര്യ തുണിക്കടയിലുണ്ടായ തീപിടിത്തത്തിനിടെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍,വി.കെ.സി മമ്മദ്‌കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍,ഉത്തര മേഖലാ എ.ഡിജി.പി രാജേഷ് ദിവാന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, സിറ്റി പൊലിസ് മേധാവി ജെ.ജയനാഥ്,ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്) ബി.അബ്ദുള്‍നാസര്‍ എന്നിവരും തൊഴിലാളികളും, കടയുടമസ്ഥരും ,നാട്ടുകാരും മുഴുവന്‍ സമയ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജീവനെക്കുറിച്ചാലോചിച്ചപ്പോള്‍ പിന്നെ തിരിഞ്ഞേനോക്കിയില്ല
കോഴിക്കോട്: ശ്രീദേവിയും,വിജിയും,റീജയും നിറകണ്ണുകളോടെയാണ് പറഞ്ഞത്. രാവിലെ 11മണിയോടെയാണ് പുകഉയരുന്ന വിവരം അറിയുന്നത്. തങ്ങള്‍ മൂന്നാം നിലയിലാണ്. താഴെ ഷര്‍ട്ട് കൗണ്ടറിലെ പായ്ക്കറ്റുകള്‍ക്കിടയില്‍ നിന്നാണ് പുക ഉയര്‍ന്നത്. മാനേജര്‍ മുസ്തഫയും സംഘവും ചെറിയ ശ്രമം നടത്തിയെങ്കിലും തീ അണയ്ക്കല്‍ വിഫലമായപ്പോള്‍ എല്ലാവരോടും ഇറങ്ങി ഓടിക്കൊള്ളാന്‍ പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്തപാതി മുകളിലെ നിലയിലുണ്ടായിരുന്ന ഞങ്ങള്‍ നാലുപേര്‍ എങ്ങിനെയോ താഴേക്ക് ഓടിയെത്തി. അപ്പഴേക്കും താഴേ നില പുകച്ചുരുളുകള്‍കൊണ്ട് മൂടിയിരുന്നു. തിരിച്ചുപോയി ബാഗെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ജീവനെക്കുറിച്ചാലോചിച്ചപ്പോള്‍ പിന്നെ തിരിഞ്ഞു നോക്കിയില്ല.
മക്കളുടെ സ്‌കൂളില്‍ അത്യാവശ്യത്തിന് അവരുടെ തിരച്ചറിയല്‍ കാര്‍ഡുകള്‍ വേണമെന്ന് പറഞ്ഞതിനാലാണ് അതൊക്കെ ബാഗില്‍ കരുതിയത്. ഒപ്പം അവരുടെ ഫീസിനത്തിലേക്കായി 3000രൂപയും. എല്ലാം നഷ്ടമായി. പിന്നെ ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്നുമാത്രമാണ് ആശ്വാസം പത്തുവര്‍ഷത്തിലേറെയായി തൊഴിലെടുക്കുന്ന സ്ഥാപനം കത്തിയെരിഞ്ഞുപോയതിന്റെ സങ്കടവും അവരുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു.
മുള്‍മുനയിലെ
നിമിഷങ്ങളിലൂടെ
11:05 തീ പുകയുന്നു.
11:30 തീ പടരുന്നു.
12 കടയുടെ മുന്‍വശങ്ങളിലേക്ക് തീ ആളിപ്പടരുന്നു.
12:05 തടിച്ചുകൂടിയ ജനങ്ങളെ പൊലിസ് തടയുന്നു.
12:10 ഒന്‍പതോളം ഫയര്‍ എന്‍ജിനുകള്‍ എത്തുന്നുകര്‍മ നിരതരായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലിസും തൊഴിലാളികളും വ്യാപാരികളും.
12:15 മുന്‍ വശങ്ങളിലെ തീ അണയ്ക്കാന്‍ സാധിക്കുന്നില്ല.
12:20 മുകളിലെ അപകടാവസ്ഥയിലായിരുന്ന നാലുഗ്യാസ് സിലിണ്ടര്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി കയറില്‍ കെട്ടി ഇറക്കുന്നു.
12:30 കനത്ത പുക കാരണം ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിച്ച് അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നു.
12:40 പൊലിസിന്റെ ജലപീരങ്കി എത്തിച്ചേര്‍ന്നെങ്കിലും ഉപയോഗിക്കാനായില്ല. കോര്‍പ്പറേഷന്റെ പൈപ്പ് ലൈനില്‍ നിന്ന് ഫയര്‍ എന്‍ജിനിലേക്ക് വെള്ളം പമ്പ് ചെയ്യുന്നു.
1:00 മുന്‍ വശത്തെ തീ അണയ്ക്കുന്നു. സഹായവുമായി കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് വാഹനങ്ങളായ റോസന്‍ ബര്‍ഗ് പാന്തര്‍,അഗ്‌നി വിജയ്.
1:15 എ.ഡി.ജി.പി രാജേഷ് ദിവാന്‍ എത്തുന്നു.
1:35 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി. രാഹുലിന് പരുക്കേല്‍ക്കുന്നു.
1:40 ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ള വിതരണം നടത്തി വ്യാപാരികള്‍.
1:51 റൂഫ് പൊളിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്തേക്ക്.
2:18 മുകളിലെ നിലയിലെ മുന്‍ വശത്തിലൂടെ ഉദ്യോഗസ്ഥര്‍ അകത്തേക്ക്.
2:30 തീ ഭൂരിഭാഗവും അണയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."