ചാലിയത്ത് മറിച്ചുവില്‍ക്കാന്‍ കടത്തിയ റേഷനരി നാട്ടുകാര്‍ തടഞ്ഞു
ഫറോക്ക്: കരിഞ്ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്ന റേഷനരിയും ഗോതമ്പും നാട്ടുകാര്‍ തടഞ്ഞു. ചാലിയം സിദ്ദീഖ് പള്ളിക്കു സമീപം എ.ആര്‍.ഡി 263-ാം നമ്പര്‍ റേഷന്‍കടയില്‍ നിന്നും ഗുഡ്‌സ് ഓട്ടോയില്‍ മറിച്ചു വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്ന 12 ചാക്ക് അരിയും ഒരു ചാക്ക് ഗോതമ്പുമാണ് ചാലിയം അമാന ജങ്ഷനില്‍ വച്ചു നാട്ടുകാര്‍ തടഞ്ഞത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലിസും സിവില്‍ സപ്ലൈസ് അധികൃതരും വാഹനം കസ്റ്റഡിയിലെടുത്ത് അരിയും ഗോതമ്പും പിടിച്ചെടുത്തു. ഇതിനെ തുടര്‍ന്നു റേഷന്‍കടയിലും സമീപത്തെ സംഭരണ കേന്ദ്രത്തിലും സിവില്‍ സപ്ലൈസ് അധികൃതര്‍ റെയ്ഡ് നടത്തി.
പതിവായി റേഷന്‍കടയില്‍ നിന്നു കടത്തുന്ന അരിയും ഗോതമ്പും കരുവന്‍തിരുത്തി, ഫറോക്ക് മേഖലകളിലെ പലചരക്ക് കടകളില്‍ മറിച്ചു വില്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇന്നലെയും ഈ രീതിയില്‍ ഫറോക്ക് മേഖലയിലെ കടകളിലേക്കു മറിച്ചുവില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് നിഗമനം.
ചാലിയം സ്വദേശി എ.പി അബ്ദുറഫീഖിന്റെ പേരിലുള്ള കടയില്‍ നിന്നു റേഷന്‍ സാധനങ്ങള്‍ പതിവായി മറിച്ചു കടത്തുന്നത് സംബന്ധിച്ച് നേരത്തെത്തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇന്നലെയും അസ്വഭാവികമായി റേഷന്‍ കടയില്‍ നിന്നും വാഹനം അരി കയറ്റി പോകുന്നതു കണ്ടതോടെയാണ് ടൗണില്‍ വച്ച് സി.ഐ.ടി.യു ഓട്ടോ തൊഴിലാളികള്‍ തടഞ്ഞുവച്ചത്. ഇതോടെ നാട്ടുകാര്‍ ഒന്നിച്ച് പൊലിസിലും സിവില്‍ സപ്ലൈസ് ഓഫിസറെയും വിവരമറിയിക്കുകയായിരുന്നു.
ആദ്യം ബേപ്പൂര്‍ പൊലിസ് സ്ഥലത്തെത്തി വാഹനമുള്‍പ്പെടെ കസ്റ്റഡിയിലെടുത്തു. പിന്നീട് അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ വിമല്‍ പ്രസാദ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ജെ.കെ പ്രമോദ്, പി. വിനോദ് എന്നിവരുമെത്തി പരിശോധിച്ചതോടെയാണ് റേഷനരിയാണെന്നു സ്ഥിരീകരിച്ചത്. പിന്നീട് റേഷന്‍കടയിലും സമീപത്തെ മണ്ണെണ്ണയും മറ്റും സൂക്ഷ ിക്കുന്ന കേന്ദ്രത്തിലും വിശദമായ പരിശോധന നടത്തി. പിടിച്ചെടുത്ത അരിയും ഗോതമ്പും തൊട്ടുടുത്ത റേഷന്‍കടയ്ക്ക് കൈമാറി. അരി മറിച്ചു കടത്തിയതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റേഷന്‍ കട നടത്തിപ്പുകാരനെതിരേ നടപടിയെടുക്കുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. തീരമേഖലയില്‍ കടുത്ത റേഷന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കാര്‍ഡുടമകള്‍ക്ക് യഥാസമയം അരിയും മറ്റും സാധനങ്ങളും നല്‍കാതെ കരിച്ചന്തയില്‍ മറിച്ചു കടത്തുന്നത്.
ഇതിനെതിരേ നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ ചാലിയം സെന്ററില്‍ തടിച്ചുകൂടി. ജനപ്രതിനിധികളുള്‍പ്പെടെ സംഭവ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."