അവിഹിത ബന്ധം ആരോപിച്ച് എസ്.ഐയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു
കൊച്ചി: സീരിയല്‍ നടിയുടെ വീട്ടില്‍ അസമയത്ത് എത്തിയ എസ്.ഐയെ അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാര്‍ കൈയേറ്റം ചെയ്തു. പുത്തന്‍കുരിശ് എസ്.ഐ എസ്.ജെ സജീവ്കുമാറിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ കണ്ടാലറിയുന്ന 15 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു.
നടിയുടെ വീട്ടില്‍ രാത്രി എട്ടുമണിയോടെ എത്തിയ എസ്.ഐ ഒന്നര മണിക്കൂറിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ പുറത്ത് കാത്തിരുന്ന നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. നാട്ടുകാരോടെ എസ്.ഐ തട്ടിക്കയറിയതോടെ പലരും എസ്.ഐയെ കൈയേറ്റം ചെയ്തു. തടയാന്‍ എത്തിയ നടിയുടെ അമ്മക്കും അടിയേറ്റു. ഭര്‍ത്താവിനെതിരെ സീരിയല്‍ നടി നല്കിയ പരാതി അന്വേഷിക്കാനാണ് എസ്.ഐ എത്തിയതെന്ന് നടിയുടെ അമ്മ പറയുന്നു. എന്നാല്‍ കേസന്വേഷിക്കാന്‍ എസ്.ഐ യൂനിഫോമില്‍ പൊലിസ് വാഹനത്തിലാണ് എത്തേണ്ടിയിരുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്നു ദിവസം തുടര്‍ച്ചയായി രാത്രിയില്‍ നടിയുടെ വീട്ടിലെത്തിയപ്പോഴാണ് എസ്.ഐയെ പിടികൂടിയതെന്നും അവര്‍ വ്യക്തമാക്കി. പിന്നീട് പുത്തന്‍കുരിശ് സി.ഐയും ജനപ്രതിനിധികളുമടക്കമുള്ളവര്‍ എത്തി നാട്ടുകാരുമായി അനുരഞ്ജന ചര്‍ച്ച നടത്തിയാണ് എസ്.ഐയെ സേ്റ്റഷനിലേക്ക് കൊണ്ടു പോയത്.
എസ്.ഐയെയും അമ്മയെയും കൈയേറ്റം ചെയ്തതിന് നാട്ടുകാര്‍ക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്.ഐയുടെ നടപടി അധാര്‍മികവും പൊലിസ് സേനയുടെ അന്തസ് ഇടിക്കുന്നതുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. സസ്പെന്ഷന് ഉത്തരവ് ഉടന്‍ ഇറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."