പക്ഷി നിരീക്ഷണം എന്ന കല
ജാവിദ് അഷ്‌റഫ്#
പക്ഷികളുടെ ലോകം
വളരെ വിശാലമാണ് പക്ഷികളുടെ ലോകം. ചെറുതും വലുതുമായ അനേകം പക്ഷികള്‍ ഇവിടെയുണ്ട്. വ്യത്യസ്തമായ രീതിയിലുള്ള ജീവിതം നയിക്കുന്നവരാണ് പക്ഷികള്‍. ജീവിതത്തിന്റെ സിംഹഭാഗവും പറക്കുന്നവയും തീരെ പറക്കാത്തവയും പക്ഷികള്‍ക്കിടയിലുണ്ട്. വളരെ മനോഹരമായ ശബ്ദത്തിനുടമകളും ഭയപ്പെടുത്തുന്ന ശബ്ദത്തിനുടമകളും പക്ഷികള്‍ക്കിടയിലുണ്ട്. സ്വന്തമായി ഇരതേടുന്നവയും മറ്റുള്ളവരുടെ ഭക്ഷണം തട്ടിയെടുക്കുന്നവരും ഈ കൂട്ടത്തിലുണ്ട്.
എങ്ങനെ നിരീക്ഷിക്കണം
പക്ഷി നിരീക്ഷണം മനോഹരമായൊരു കലയാണെന്നു പറയാം. നഗ്നനേത്രങ്ങളോ ദൂരദര്‍ശിനിയോ ഉപയോഗിച്ച് വിവിധയിനം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ് പക്ഷി നിരീക്ഷണം. പക്ഷികള്‍ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിയുന്നതും പക്ഷി നിരീക്ഷണത്തിലെ പ്രധാന ഘടകമാണ്. പ്രായഭേദമന്യേ ഏതൊരാള്‍ക്കും തുടങ്ങാന്‍ സാധിക്കുന്നതാണ് പക്ഷി നിരീക്ഷണം. പക്ഷികളുടെ പേരു പഠിക്കുന്നതാണ് ഇതിലെ ആദ്യ ഘട്ടം. രാവിലെ ആറു മുതല്‍ ഒമ്പതു മണിവരേയും വൈകിട്ട് നാലു മണി മുതല്‍ ഏഴു മണിവരെയുമാണ് പക്ഷി നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം.
എന്നാല്‍ പരുന്ത് വര്‍ഗത്തില്‍പ്പെട്ട ചില പക്ഷികളെ തെളിഞ്ഞ പകല്‍ സമയത്തു മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. പക്ഷി നിരീക്ഷണം വിനോദമായി കൊണ്ടുനടക്കുന്നയാള്‍ ഓരോ പക്ഷികളെക്കുറിച്ചും നന്നായി മനസിലാക്കാന്‍ ശ്രമിക്കണം. ഓരോ പക്ഷിയുടേയും സവിശേഷത പഠിക്കുന്നതിലൂടെ പക്ഷി നിരീക്ഷണം വളരെ എളുപ്പമാകും. ക്ഷമയാണ് ഈ വിനോദത്തിനാവശ്യം. ചെറിയൊരു നോട്ടുപുസ്തകവും പേനയും കൈയില്‍ കരുതാനും നിരീക്ഷണ കുറിപ്പുകള്‍ രേഖപ്പെടുത്താനും ശ്രമിക്കണം.
പക്ഷിയെ കണ്ട ഇടങ്ങള്‍, സമയം, ദിവസം, ചലനങ്ങള്‍, പക്ഷിയുടെ വലിപ്പം, ഒറ്റയ്ക്കാണോ കൂട്ടമായാണോ, ആഹാര രീതികള്‍, പറക്കുന്ന രീതികള്‍, മറ്റു പക്ഷികളുമായുളള താരതമ്യം, നിറം, ആകൃതി, പക്ഷിയെ കണ്ട കാലാവസ്ഥ, ശബ്ദം എന്നിവ പുസ്തകത്തില്‍ രേഖപ്പെടുത്തണം.
ശബ്ദത്തെ അടിസ്ഥാനമാക്കി ഒരിക്കലും ഒരു പക്ഷിയെ തിരിച്ചറിയാന്‍ ശ്രമിക്കരുത്. ചിലപ്പോള്‍ മറ്റു പക്ഷികളുടെ ശബ്ദം അനുകരിക്കുന്ന പക്ഷികളുമുണ്ടെന്ന് ഓര്‍ക്കണം. കഴിയുമെങ്കില്‍ പക്ഷിയുടെ ഏകദേശ രേഖാചിത്രം നോട്ടു ബുക്കില്‍ വരച്ചിടണം. ലളിതമായ വസ്ത്രങ്ങളാണ് പക്ഷി നിരീക്ഷണത്തിന് അനുയോജ്യം. കഴിവതും കറുപ്പ്, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങള്‍ ഒഴിവാക്കുക. കണ്ടെത്തിയ പക്ഷിക്കുനേരെ വിരല്‍ കൊണ്ട് ചൂണ്ടാനോ അവയ്ക്കു പിറകില്‍ ഓടാനോ അവയെ ശബ്ദം കൊണ്ട് ഭയപ്പെടുത്താനോ പാടില്ല. കുറച്ച് അകലെനിന്ന് നിരീക്ഷണം നടത്തുന്നതാണ് ഏറ്റവും അനുയോജ്യം. വളരെ മെല്ലെ നടന്നാണ് പക്ഷി നിരീക്ഷണം നടത്തേണ്ടത്.
പക്ഷികളെ നിരീക്ഷിക്കാനായി പാത്രത്തില്‍ വെള്ളം നിറച്ചു വയ്ക്കുന്നതു നല്ലതാണ്. ഓരോ പക്ഷികളെക്കുറിച്ചും കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കാനും പഠിക്കാനും ശ്രദ്ധിക്കണം. ഇതിനായി പുസ്തകങ്ങള്‍, ലേഖനങ്ങള്‍, ഡോക്യുമെന്ററികള്‍, വെബ്‌സൈറ്റുകള്‍(ംംം.യശൃറലൃ.ശി) എന്നിവ ഉപയോഗപ്പെടുത്താം. തുടക്കത്തില്‍ നമ്മുടെ വീടിനു ചുറ്റുമുള്ള പക്ഷികളെ നിരീക്ഷണം നടത്താം.
പ്രശസ്ത പക്ഷി നിരീക്ഷകര്‍
സാലിം അലി
ലോക പ്രശസ്ത ഇന്ത്യന്‍ പക്ഷി നിരീക്ഷകനാണ് സാലിം അലി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന് അടിത്തറ പാകി. ഒരു കുരുവിയുടെ പതനം എന്നതാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.
ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയെ തകര്‍ച്ചയില്‍ കരകയറ്റുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ജീവിതത്തിന്റെ ഏറിയപങ്കും പക്ഷി നിരീക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ചെലവഴിച്ചു. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ശാസ്ത്രഗവേഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി അദ്ദേഹം മാറ്റിവച്ചു.
ഇദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 12 ഇന്ത്യയില്‍ ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചു വരുന്നു. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്, ആന്ധ്രാ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ്, ജെ.പോള്‍ ഗെറ്റി രാജ്യാന്തര പുരസ്‌കാരം, സി.വി.രാമന്‍ പതക്കം, ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗ്ലാദേശ് സ്വര്‍ണ പതക്കം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ സാലിം അലിയെ തേടിയെത്തിയിട്ടുണ്ട്.
ഇന്ദുചൂഡന്‍ (കെ.കെ നീലകണ്ഠന്‍)
ഇന്ത്യയിലെ പ്രശസ്തനായ പക്ഷി നിരീക്ഷകനായിരുന്നു ഇന്ദു ചൂഡന്‍ എന്ന കെ.കെ.നീലകണ്ഠന്‍. ഇദ്ദേഹം കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ഇന്ത്യന്‍ ഘടകത്തിന്റെ വിശിഷ്ടാംഗം, കോളജ് അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം പക്ഷി നിരീക്ഷണം ആരംഭിച്ചു. 1949 ല്‍ ആരേട് എന്ന പെലിക്കന്‍ പക്ഷി സങ്കേതം കണ്ടെത്തി.
കേരളത്തിലെ പക്ഷികള്‍ ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകമാണ്. കേരളത്തില്‍ കാണപ്പെടുന്ന 261 പക്ഷികളെ കുറിച്ച് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
പക്ഷികളും മനുഷ്യരും എന്ന പുസ്തകം കുട്ടികള്‍ക്കായി എഴുതപ്പെട്ടതാണ്. കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം വായിച്ചവരില്‍ പലരും പില്‍ക്കാലത്ത് പക്ഷി നിരീക്ഷണം ഒരു ഹോബിയായി മാറ്റിയിട്ടുണ്ട്.
കേരളത്തിലെ പക്ഷി സങ്കേതങ്ങള്‍
ദേശാടനത്തിനായി വരുന്ന പക്ഷികളെ കൂടാതെ കേരളത്തില്‍ തന്നെ അഞ്ഞൂറിലേറെ പക്ഷികളുണ്ടെന്നാണു കണക്ക്. ഇതുകൊണ്ടു തന്നെ കേരളത്തില്‍ നിരവധി പക്ഷി സങ്കേതങ്ങള്‍ വളരാന്‍ സാഹചര്യമുണ്ടായി
തട്ടേക്കാട്
പക്ഷിസങ്കേതം
പക്ഷി നിരീക്ഷകനായ സാലിം അലിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് എറണാകുളം -ഇടുക്കി ജില്ലാഅതിര്‍ത്തിയില്‍ നില കൊള്ളുന്ന ഈ പക്ഷി സങ്കേതം നിര്‍മിച്ചിട്ടുള്ളത്. അദ്ദേഹത്തോടുള്ള ആദര സൂചകമായി സാലിം അലി പക്ഷി സങ്കേതം എന്ന് ഈ സങ്കേതത്തിനു പേരു നല്‍കി.
കടലുണ്ടി
പക്ഷിസങ്കേതം
കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടുനിന്ന് 19 കിലോമീറ്റര്‍ ദൂരമുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ സന്ദര്‍ശനത്തിന് അനുയോജ്യമാണ്.
മംഗള വനം
പക്ഷിസങ്കേതം
കേരള ഹൈക്കോടതിക്കു പിറകിലായി 274 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കൊച്ചി നഗരത്തില്‍നിന്നു വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. സംസ്ഥാന വനംവകുപ്പിനു കീഴിലുള്ള ഈ പക്ഷി സങ്കേതം 2004 ല്‍ ആണ് പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്.
കുമരകം
പക്ഷിസങ്കേതം
വേമ്പനാട്ടു കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ പക്ഷി സങ്കേതത്തിലേക്ക് കോട്ടയം നഗരത്തില്‍നിന്നു 16 കിലോമീറ്റര്‍ ദൂരമുണ്ട്. വേമ്പനാട് പക്ഷി സങ്കേതം എന്ന പേരും ഇതിനുണ്ട്.
1847 ല്‍ ആല്‍ഫ്രഡ് ജോര്‍ജ്ജ് ബേക്കര്‍ സ്ഥാപിച്ച ഈ സങ്കേതം ബേക്കര്‍ എസ്റ്റേറ്റ് എന്ന പേരിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."