സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേരളത്തിലെ ബി.ജെ.പിക്കില്ല: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശക്തി കേരളത്തിലെ ബി.ജെ.പിക്കില്ലെന്നും പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ഇപ്പോഴുള്ള ഒരു സീറ്റുകൂടി നഷ്ടമാകുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കലാപങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്‍.എസ്.എസ്. നടത്തിവന്ന അക്രമങ്ങളുടെ തുടര്‍ച്ചയായാണ് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ബി.ജെ.പിയുടെ ആവശ്യം. ഒരുഭാഗത്ത് അക്രമം നടത്തുകയും മറുഭാഗത്ത് ക്രമസമാധാനം തകര്‍ന്നു എന്നു പ്രചാരണം നടത്തുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ സമീപനം. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ആര്‍.എസ്.എസാണ്. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ്. തുടങ്ങിയ അക്രമമാണ് എസ്.ഐയെയും പൊലിസുകാരെയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുന്നതിലേക്കുപോലും എത്തിയത്. പൊലിസ് സ്റ്റേഷനിലേക്ക് ബോംബെറിയുന്നത് ഉള്‍പ്പെടെ ആര്‍.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത കലാപത്തിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഇടത് സര്‍ക്കാരിനെ പിരിച്ചുവിട്ട് ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി സംസ്ഥാനത്തെ ഭരണം പിടിക്കാമെന്നത് ബി.ജെ.പിയുടെ ആഗ്രഹം മാത്രമാണ്.
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ പരാജയപ്പെട്ടപ്പോഴാണ് അക്രമം പുറത്തേക്ക് വ്യാപിപ്പിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കണം. സി.പി.എമ്മും എല്‍.ഡി.എഫും വിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണത്തെ തുറന്നുകാണിക്കാന്‍ സംസ്ഥാനത്തെ ഗ്രാമങ്ങള്‍തോറും പ്രചാരണം സംഘടിപ്പിക്കുമെന്നും ഇക്കാര്യത്തില്‍ 14ന് ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."