ആദിവാസി ഭൂമിയിലെ മരം മുറി; തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
മാനന്തവാടി: ആശിക്കും ഭൂമി ആദിവാസി പദ്ധതിയില്‍ ഏറ്റെടുത്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ഭൂമിയില്‍ നിന്നും മരം മുറിച്ചു മാറ്റിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജു വെള്ളമുണ്ട ടി.ഇ.ഒയോട് ആവശ്യപ്പെട്ടു.
പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ 26 കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷം മുന്‍പ് വീട് നിര്‍മിച്ച് താമസിക്കാനായി കൈമാറിയ പൊരുന്നന്നൂര്‍ വില്ലേജില്‍പെട്ട ആറുവാള്‍-കാപ്പുവയല്‍ കോളനിയോട് ചേര്‍ന്ന പത്ത് ഏക്കര്‍ ഭൂമിയില്‍ നിന്നാണ് വ്യാപകമായി മരം മുറി നടന്നത്.
റബ്ബര്‍, അയനി, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയായി സമീപ പ്രദേശവാസികളായ മരംകച്ചവടക്കാര്‍ ട്രാക്ടറുമായെത്തി മുറിച്ച് കടത്തിയത്.
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചത്.
മരം മുറിച്ചത് ആദിവാസികള്‍ക്ക് വില നല്‍കിയ ശേഷമാണോ യഥാര്‍ത്ഥ അവകാശികളാണോ വില്‍പന നടത്തിയത്, എത്ര കുറ്റി മരങ്ങളാണ് എത്ര വിലക്കാണ് വില്‍പന നടത്തിയത്, ആരാണ് മരം വിലക്കെടുത്ത് മുറിച്ചു കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."