HOME
DETAILS
MAL
കേന്ദ്ര നീക്കത്തിനെതിരേ സര്‍ക്കാര്‍ യോഗം വിളിക്കുന്നു
backup
January 18 2020 | 03:01 AM
തിരുവനന്തപുരം: ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിക്കുന്നു. അടുത്ത ബുധനാഴ്ച തൊളിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ടൂറിസ്റ്റ് ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാന്‍ അനുവദിക്കുന്നതിന് മോട്ടര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഈമാസം ഏഴിന് ഇറക്കിയ കരട് വിജ്ഞാപനത്തിന്മേല്‍ മുപ്പത് ദിവസത്തിനകം സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കണമെന്നാണ് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുള്ളത്.
റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗതസംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മാത്രമല്ല, യാത്രാനിരക്കിന്റെ പേരില്‍ കൊള്ളയാകും നടക്കുകയെന്നാണ് സര്‍ക്കാരിന്റെ മറ്റൊരാശങ്ക. കെ.എസ്.ആര്‍.ടി.സിയെയും ചെറുകിട സ്വകാര്യബസ് സര്‍വിസുകളെയും ഇത് പ്രതിസന്ധിയിലാക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്.
അതിനാല്‍ നിയമവശമുള്‍പ്പെടെ പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനം മറുപടി നല്‍കുകയെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുകയും ചെയ്തു. തൊഴിലാളി സംഘടനകളുടെകൂടി പിന്തുണ തേടുന്നതിനായാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."