വ്യാപാര തര്‍ക്കം; അമേരിക്ക-ചൈന ചര്‍ച്ച തുടങ്ങി
ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കങ്ങളില്‍ പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ബെയ്ജിങ്ങിലാണ് അമേരിക്കയുടെയും ചൈനയുടെയും നയതന്ത്ര പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നത്. ചര്‍ച്ച രണ്ടു ദിവസം തുടരും.
കഴിഞ്ഞ വര്‍ഷം മുതല്‍ ചരക്കുകള്‍ക്ക് ഇരു രാജ്യങ്ങളും പരസ്പരം കനത്ത ഇറക്കുമതി തീരുവ ചുമത്തിത്തുടങ്ങിയതോടെയാണ് വ്യാപാര ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നത്. ഇതു പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെപ്പോലും ബാധിക്കുന്ന വിധത്തിലായതോടെയാണ് പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നത്.
അടുത്ത 90 ദിവസം ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ തീരുവകള്‍ ചുമത്തില്ലെന്നു നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ബെയ്ജിങ്ങില്‍ രണ്ടു ദിവസത്തെ ചര്‍ച്ച നടക്കുന്നത്. ആഗോള സമ്പദ്ഘടനയിലുണ്ടായ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് ചര്‍ച്ച. ഡെപ്യൂട്ടി ട്രേഡ് റെപ്രസെന്റേറ്റീവ് ജെഫ്രി ഗെരിഷിന്റെ നേതൃത്വത്തിലാണ് അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഏതു തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് ഇരു വിഭാഗവും വ്യക്തമാക്കിയിട്ടില്ല. ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയുണ്ടെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."