ഗാബോണില്‍ പട്ടാള അട്ടിമറിക്ക് ശ്രമം
ലിബ്രെവിലെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ ഗാബോണില്‍ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ദേശീയ ടെലിവിഷന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം, ഭരണരീതി പരിഷ്‌കരിക്കണമെന്നതരത്തില്‍ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദേശീയ ടെലിവിഷന്റെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ സൈന്യം ഏറ്റെടുത്തത്. തുടര്‍ന്നു ഭരണപരിഷ്‌കാരം വേണമെന്നാണ് ജൂനിയര്‍ ഓഫിസര്‍മാര്‍ ആവശ്യപ്പെട്ടത്. അസുഖത്തെ തുടര്‍ന്നു രണ്ടു മാസമായി മൊറോക്കോയിലുള്ള ഗാബോണ്‍ പ്രസിഡന്റ് അലി ബോംഗോയ്‌ക്കെതിരേ പ്രതിഷേധിച്ചാണ് സൈന്യത്തിന്റെ നടപടിയെന്നാണ് വിവരം.
എന്നാല്‍ രാജ്യത്തെ സംഭവവികാസങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് അറിയിച്ച സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കിയ സൈന്യത്തിലെ വിമത വിഭാഗം നേതാക്കളെ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ 6.30ഓടെയാണ് തലസ്ഥാന നഗരിയിലെ ദേശീയ ടെലിവിഷന്‍ ഓഫിസിലേക്കു സൈന്യം ഇരച്ചുകയറിയത്.
ഇവിടേക്കു മറ്റുള്ളവര്‍ പ്രവേശിക്കുന്നതു സൈന്യം വിലക്കുകയും ചെയ്തു. ടെലിവിഷന്‍ ഓഫിസിനുള്ളില്‍നിന്നും പുറത്തുനിന്നും വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. ഭീതിപ്പെടുത്തുന്ന സംഭവവികാസങ്ങള്‍ കാരണം ജനങ്ങള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങിയിട്ടില്ല. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും ഇപ്പോഴും വെടിയൊച്ചകള്‍ കേള്‍ക്കുന്നതായും ഹെലികോപ്റ്ററുകള്‍ നിരീക്ഷണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 24നു സഊദി അറേബ്യ സന്ദര്‍ശിക്കുന്നതിനിടെയാണ് ഗാബോണ്‍ പ്രസിഡന്റ് അലി ബോംഗോയ്ക്ക് ഹൃദയാഘാതമുണ്ടായത്.
തുടര്‍ന്ന് മൊറോക്കോയില്‍ ചികിത്സ തേടിയ അദ്ദേഹം ഇതുവരെ രാജ്യത്തു തിരിച്ചെത്തിയിട്ടില്ല. എണ്ണ സമ്പത്തുള്ള ഗാബോണ്‍ അന്‍പതു വര്‍ഷത്തോളമായി ഭരിക്കുന്നതു ബോംഗോയുടെ കുടുംബമാണ്.
കഴിഞ്ഞയാഴ്ച മൊറോക്കോയില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് പുതുവര്‍ഷ ആശംസകള്‍ നേരുന്നതിനിടെ താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."