ഡ്രൈവിങ് ടെസ്റ്റ്: പുതിയ പരിഷ്‌കാരങ്ങള്‍ മാര്‍ച്ച് ആറിലേക്ക് മാറ്റി
കാക്കനാട്: ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ മാര്‍ച്ച് ആറിലേക്ക് മാറ്റി. പുതിയ നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കുമെന്ന പ്രഖ്യാപിച്ചിരുന്നതെങ്കിലും ആറ് മുതല്‍ നടപ്പാക്കിയാല്‍ മതിയെന്ന പുതിയ ഉത്തരവാണ് കഴിഞ്ഞ ദിവസം എറണാകുളം ആര്‍.ടി ഓഫീസില്‍ ലഭിച്ചത്.
പഴയ രീതിയില്‍ ഡ്രൈവിങ് പരീക്ഷയ്ക്കു പരിശീലനം ലഭിച്ചവര്‍ക്കു പുതിയ നിര്‍ദേശങ്ങളനുസരിച്ചു പരിശീലനം നടത്താന്‍ രണ്ടാഴ്ച കൂടി സമയം ലഭിക്കും. പുതുക്കിയ തീയതി വരെയുള്ള ദിവസങ്ങളില്‍ ഡ്രൈവിങ് പരീക്ഷ നിലവിലുള്ള രീതിയിലാവും നടക്കുക. ഇതേ ദിവസങ്ങളില്‍ പുതുതായി അപേക്ഷകരെ പരിഗണിക്കേണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ നടത്തുന്ന പരീക്ഷകളില്‍ പരാജയപ്പെടുന്നവര്‍ക്ക് രണ്ടാഴ്ച ശേഷം പുതിയ രീതിയിലുള്ള പരീക്ഷയിലാവും പങ്കെടുക്കേണ്ടി വരിക. ദിവസവും ശരാശരി 60 മുതല്‍ 250 പേര്‍ വരെയാണു നിലവില്‍ എറണാകുളം ആര്‍ടി ഓഫീസിലും മറ്റു സബ് ആര്‍ടി ഓഫീസുകളിലും മോട്ടോര്‍ വാഹന പരീക്ഷയ്ക്ക് എത്തുന്നത്. ഇവരില്‍ 30 ശതമാനത്തോളം പേര്‍ പരാജയപ്പെടുന്നുണ്ടെന്നാണ് കണക്ക്.
മാര്‍ച്ച് ആറു മുതല്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ ഡ്രൈവിങ് പ്രായോഗിക പരീക്ഷയില്‍ 'എച്ച്' എടുക്കാന്‍ സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം അഞ്ചടിയില്‍ നിന്നു രണ്ടരയടിയായി കുറച്ചു. എച്ചിനുശേഷം റോഡ്പരീക്ഷ നടത്താറുണ്ടെങ്കിലും കയറ്റങ്ങളിലെ ഡ്രൈവിങ് പരീക്ഷ നിര്‍ബന്ധമില്ലായിരുന്നു. ഉദ്യോഗസ്ഥന്റെ താല്‍പര്യമനുസരിച്ചു നിരപ്പായ പ്രദേശത്തു വാഹനം ഓടിച്ചു കാണിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ പുതിയ നിബന്ധനയനുസരിച്ചു കയറ്റത്തു വാഹനം നിര്‍ത്തിയതിനുശേഷം മുന്നോട്ട് ഓടിച്ചുകാണിക്കണം.
നിരപ്പായ സ്ഥലത്തും വാഹനം ഓടിക്കണം. വാഹനം പിന്നോട്ട് എടുക്കുമ്പോള്‍ വളവുകള്‍ തിരിച്ചറിയാനായി കമ്പിയില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന പതിവിനും വിരാമമായി. റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിഞ്ഞുനോക്കാനോ ഡോറിന് വെളിയിലേക്കു നോക്കാനോ പാടില്ല. വശങ്ങളിലേയും അകത്തേയും കണ്ണാടി നോക്കി റിവേഴ്‌സ് എടുത്തു കാണിക്കണം. പാര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമായി രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്കിങ് ചെയ്യാനാകുമോയെന്നും പരീക്ഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."