സര്‍ക്കാര്‍ ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം: മന്ത്രി ചന്ദ്രശേഖരന്‍
കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജില്ലാതല പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അര്‍ഹരായ എല്ലാ ഭൂരഹിതര്‍ക്കും പട്ടയം നല്‍കും.
വര്‍ഷങ്ങളായി അനുഭവിച്ചുപോരുന്ന കൃഷിയിടങ്ങള്‍ക്കും വാസസ്ഥലങ്ങള്‍ക്കും കൈവശാവകാശം ലഭിക്കാതെ ദുരിതംപേറുന്ന നിരവധി ജീവിതങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. 50 വര്‍ഷമായിട്ടും പുരയിടത്തിന് അവകാശം ലഭിക്കാത്ത സാഹചര്യം വരെ ഉണ്ടായിരുന്നു. നിയമതടസങ്ങള്‍ മാറ്റി ഗുണഭോക്താവിന് ഏറ്റവും വേഗത്തില്‍ അവകാശം കൈമാറാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ സാങ്കേതിക പ്രശ്‌നങ്ങളിലകപ്പെട്ട നിരവധി ഫയലുകള്‍ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളിലെ നടപടിക്രമങ്ങളില്‍ വേഗത കൈവരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കലക്ടര്‍മാരുടെ യോഗം വിളിച്ചിരുന്നു. പ്രായോഗികതലത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇനിയും പട്ടയം ലഭിക്കാത്തവര്‍ക്കായി ഫെബ്രുവരിയില്‍ പട്ടയമേള സംഘടിപ്പിക്കും. അവശേഷിക്കുന്നവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂണില്‍ പട്ടയമേള നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."