പൗരത്വ നിയമം: മോദിയും അമിത്ഷായും തമ്മിലുള്ള തര്‍ക്കത്തിന് രാജ്യം മുഴുവന്‍ വില നല്‍കേണ്ടി വന്നുവെന്ന് ഭൂപേഷ് ബാഗല്‍
റായ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും തമ്മിലുള്ള തര്‍ക്കത്തിന് രാജ്യം മുഴുവന്‍ വില നല്‍കേണ്ട അവസ്ഥയിലായെന്ന് അദ്ദേഹം പറഞ്ഞു.
'പൗരത്വ ഭേദഗതി നിയമവും എന്‍.പി.ആറും എന്‍.ആര്‍.സിയും ഒരേ നടപടിയുടെ ഭാഗമാണെന്ന് അമിത്ഷാ പറയുമ്പോള്‍, പ്രധാനമന്ത്രി പറയുന്നത് എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്നാണ്. ഇതില്‍ ആരാണ് സത്യം പറയുന്നത്. ആരാണ് കള്ളം പറയുന്നത്? രണ്ട് നേതാക്കള്‍ക്കിടയില്‍ ഭിന്നതകളുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ രാജ്യം അനുഭവിക്കുന്നു'- ഭൂപേഷ് ബാഗല്‍ പറഞ്ഞു.
മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സര്‍ക്കാരില്‍ മോദിയാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജി.എസ്.ടി നടപ്പിലാക്കി, നോട്ടു നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ ഏഴു മാസങ്ങളിലായി അമിത്ഷായാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. 370-ാം വകുപ്പ് അമിത്ഷാ റദ്ദാക്കി, പൗരത്വ നിയമ ഭേദഗതിയും അമിത്ഷാ കൊണ്ടുവന്നു, എന്‍.പി.ആര്‍ നടപ്പിലാക്കാനും ഇപ്പോള്‍ ഉദ്ദേശിക്കുന്നു. പൗരത്വം തെളിയിക്കാന്‍ പാവപ്പെട്ടവര്‍ എങ്ങനെ രേഖകള്‍ ഹാജരാക്കുന്നമെന്ന കാര്യത്തില്‍ എനിക്കല്‍ഭുതമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."