തണലിന്റെ 'ചിറകിലേറി' അഗതികളായ ഇവരും പറക്കും ബഹ്‌റൈനിലേക്ക്
എടച്ചേരി: വര്‍ഷങ്ങളായി എടച്ചേരി തണല്‍ അഗതിമന്ദിരത്തില്‍ തങ്ങളുടെ സ്വന്തം കുടുംബ വീട്ടിലെന്ന പോലെ കഴിഞ്ഞു വന്ന അമ്മമാര്‍ ഗള്‍ഫ് രാജ്യമായ ബഹ്‌റെയ്‌നിലേക്ക് പറക്കുകയാണ്.ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള തണല്‍ സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നാടകങ്ങളിലെ കഥാപാത്രങ്ങളായാണ് ഇരുവരും ഗള്‍ഫിലേക്ക് പോകുന്നത്.
നാടകത്തിലെ മറ്റൊരു കഥാപാത്രവും തണല്‍ അഗതിമന്ദിരത്തിലെ ജീവനക്കാരിയുമായ കല്ലാച്ചി സ്വദേശിനി സനിയോടൊപ്പം സുലൈഖ മലപ്പുറം, പത്മാവതിയമ്മ മാഹി, കാര്‍ത്ത്യായനി ചാലിയം, മേരി പേരാമ്പ്ര എന്നിവരാണ് ഇന്ന് ബഹറൈനിലേക്ക് പുറപ്പെടുന്ന സംഘത്തിലെ അംഗങ്ങളാവുന്നത്.ഇവരില്‍ പലര്‍ക്കും മക്കളും മറ്റു കുടുംബാംഗങ്ങളുമായി നിരവധി ബന്ധുക്കളുണ്ടെങ്കിലും, സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണം ജീവിതത്തില്‍ നിന്നും ഒറ്റപ്പെട്ടു പോയ ഇവര്‍ക്ക് വര്‍ഷങ്ങളായി എടച്ചേരിയിലെ തണലാണ് തുണയായത്.
ഒടുവില്‍ തണലിന്റെ ചിറകേറി ഒരു വിമാന യാത്രയും തരപ്പെട്ടപ്പോള്‍ ജീവിതത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമായി ഇവരിതിനെ കാണുകയാണ്. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന ഇവരില്‍ പലര്‍ക്കും 'ഗള്‍ഫ്' വാക്ക് ഒരു കേട്ടറിവ് മാത്രമാണ്. എന്നാല്‍ അവിടെയുള്ള തങ്ങളുടെ നാട്ടുകാര്‍ക്കും, പരിചയക്കാര്‍ക്കു മുന്‍പിലും തങ്ങളുടെ ചിന്തകള്‍ക്കപ്പുറമുള്ള കഴിവുകള്‍ പ്രകടിപ്പിക്കാനാണ് ഇവര്‍ ബഹറെയ്‌നിലേക്ക് പുറപ്പെടുന്നത്.
തണല്‍ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഹ്‌റെയ്‌നിലെ വിവിധ വേദികളില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ ഇവര്‍ അവതരിപ്പിക്കാന്‍ പോകുന്ന നാടകത്തിന്റെ ഇതിവൃത്തവും സ്വന്തം ജീവിത യാഥാര്‍ഥ്യങ്ങളുടെ ഒരു നേര്‍ക്കാഴ്ച കൂടിയാണ്. ജീവിതത്തിലെ ഒറ്റപ്പെടലും അഗതിമന്ദിരങ്ങളിലെ ജീവിതവും തീര്‍ക്കുന്ന സുഖ ദുഃഖങ്ങള്‍ ഇവര്‍ ബഹ്‌റെയ്‌നിലെ മലയാളികള്‍ക്കു മുന്‍പില്‍ അഭിനയത്തിലൂടെ വരച്ചു കാണിക്കും.
ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചിരിയിലേക്കുള്ള ദൂരം, കാലത്തിന്റെ താളില്‍ ഒരമ്മയുടെ കൈയ്യൊപ്പ്' എന്നീ രണ്ടു നാടകങ്ങളിലാണ് ഭിന്നശേഷിക്കാരായ ഇരുപതോളം കുട്ടികള്‍ക്കൊപ്പം ഇവരും വേഷമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."