പ്ലീസ് ഇന്ത്യ സഹായത്തോടെ യു പി സ്വദേശി ആറു വർഷത്തിന് ശേഷം ജന്മ നാട്ടിലേക്ക്
റിയാദ് : ആറു വർഷത്തെ ദുരിതത്തിന് വിരാമമിട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി തൗസീഫ്(23) റീഎൻട്രി വിസയിൽ നാട്ടിലേക്ക് തിരിച്ചു. പ്ലീസ് ഇന്ത്യയുടെ കീഴിലുള്ള പ്രവാസി ലീഗൽ എയിഡ് സെൽ സഹായത്തോടെയാണ് ഏറെ കടമ്പകൾ താണ്ടി തൗസീഫ് സഊദിയിലേക്ക് തന്നെ തിരിച്ചു വരാവുന്ന രീതിയിൽ റീഎൻട്രി വിസയിൽ നാട്ടിലേക്ക് തിരിച്ചത്. ആറു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ചതിനാൽ പ്ലീസ് ഇന്ത്യ നടത്തിയ പബ്ലിക് അദാലത്തിൽ പങ്കെടുത്ത് സഹായം ആവശ്യപ്പെട്ടതോടെയാണ് പ്ലീസ് ഇന്ത്യ വിഷയത്തിൽ ഇടപെട്ടത്. ഇതേ തുടർന്ന് പ്ലീസ് ഇന്ത്യ പ്രവർത്തകർ വിദേശകാര്യ മന്ത്രാലയത്തിലെ മദാദിൽ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
ചെയർമാൻ ലത്തീഫ് തെച്ചിയുടെ പേരിൽ കേസിൽ ഇടപെടാനുള്ള എംബസിയുടെ അനുമതി പത്രം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്പനിമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും പൂർണമായും സഹകരിക്കാൻ കമ്പനിയധികൃതർ തയ്യാറായില്ല. ലേബർ കോടതിയിൽ കേസ് കൊടുത്തതിനാൽ കമ്പനി പ്രതികാരം ചെയ്യുമെന്നതിനാൽ ജോലിയിൽ തന്നെ തുടരാനായിരുന്നു പ്ലീസ് ഇന്ത്യ നിർദേശിച്ചത്. ഇതിനിടെ അസുഖ ബാധിതയായ മാതാവിന് തുടർ ചികിത്സ നൽകുന്നതിന് വേണ്ടി തൗസീഫിന്റെ സഹായം നാട്ടിൽ ആവശ്യമാണെന്ന് മാതാവ് അറിയിച്ചപ്പോൾ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തിയതോടെ 9000 റിയാൽ കെട്ടിവെക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ സഊദി തൊഴിൽ നിയമം അനുസരിച്ചു ആറു വർഷത്തിനിടയിൽ മൂന്നു പ്രാവശ്യം ലീവ് അനുവദിക്കാത്തതു ചൂണ്ടിക്കാട്ടുകയും മൂന്നു മാസത്തെ സാലറി യും ടിക്കറ്റും തന്നില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്ലീസ് ഇന്ത്യ മുന്നറീപ്പ് നൽകിയതോടെ കമ്പനി അധികൃതർ വഴങ്ങുകയായിരുന്നു.
തൗസീഫിന്റെ സാമ്പത്തിക പ്രയാസം മനസിലാക്കിയ പ്ലീസ് ഇന്ത്യ സ്‌പോൺസർഷിപ്പ് മാറ്റി നൽകാനും ടിക്കറ്റ് എടുക്കാനുമുള്ള തുക സമാഹരിച്ച് നൽകുകയും ചെയ്‌തു. കടമ്പകൾ താണ്ടി റീഎൻട്രിയിൽ നാട്ടിലേക്ക് യാത്ര തിരിച്ച തൗസീഫിനു റിയാദിലെ പ്ലീസ് ഇന്ത്യ ഓഫിസിൽ വെച്ച് യാത്രയപ്പ് നൽകി, പ്ലീസ് ഇന്ത്യ ജിസിസി ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ :ജോസ് എബ്രഹാം, അഡ്വ : റിജി ജോയ്, നീതു ബെൻ, വിജയശ്രീ, മിനി മോഹൻ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, റസാഖ് കുന്നമംഗലം, റബീഷ് കോക്കല്ലൂർ, സലീഷ് മാസ്റ്റർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."