എം.എല്‍.എയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്
തുറവൂര്‍: ചേര്‍ത്തല താലൂക്കിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എം.പി.നടത്തിയ സത്യഗ്രഹം കാപട്യമാണെന്ന എ.എം ആരീഫ് എം.എല്‍.എയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ പറഞ്ഞു.
താലൂക്കിലെ ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ കെ.സി.വേണുഗോപാല്‍ എം.പി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുബന്ധ പദ്ധതിക്ക് രൂപം നല്‍കിയതും 60 കോടി രൂപ നീക്കിവച്ചതും എന്ന കാര്യം എം.എല്‍.എ മനപൂര്‍വ്വം വിസ്മരിക്കുകയാണ്.
അരൂര്‍ നിയോജക മണ്ഡലത്തിലെ പള്ളിത്തോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രണ്ടാംഘട്ടം ശുദ്ധജല പൈപ്പുകള്‍ സ്ഥാപിച്ചതും എം.പി.യുടെ നിവേദനത്തിന്റെ അടിസ്ഥനത്തില്‍ രൂപം നല്‍കിയതാണ്.
ഇതിലൂടെ ശുദ്ധജലം നല്‍കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് തടസമായി നില്‍ക്കുന്നത്. ഇവിടത്തെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ചു കൊടുക്കണമെന്ന് എം.എല്‍.എ.ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെയാണ് പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ജലവിഭവ വകുപ്പിന്റെ ഉപകേന്ദ്രം ചേര്‍ത്തലയിലേക്ക് മാറ്റി. ഇതിന്റെ പിന്നില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന തുറവൂര്‍ പഞ്ചായത്താണെന്നാണ് ജലവിഭവ വകുപ്പ് അധികൃതര്‍ പറയുന്നത്.
ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്ന ഈ ഓഫിസ് തുറവൂറില്‍ തന്നെ പുനഃസ്ഥാപിക്കുവാന്‍ എം.എല്‍.എയ്ക്ക് കഴിയുന്നില്ല. ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ അതിനുവേണ്ടി ശ്രമിക്കുന്നവരെ പരിഹസിക്കുന്ന എം.എല്‍.എയുടെ നടപടി ജനങ്ങളോട് കാണിക്കുന്ന നീതികേടും വഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."