സര്‍ക്കാര്‍ ആശുപത്രിയില്‍ പതിവായി വൈകിയെത്തുന്ന ഡോക്ടറെ തടഞ്ഞുവച്ചു
അമ്പലപ്പുഴ: ഡോക്ടര്‍ പതിവായി വൈകിയെത്തുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി ഗേറ്റ് പൂട്ടി. വൈകിയെത്തിയ ഡോക്ടറെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
തകഴി പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലാണ് പ്രതിഷേധം നടന്നത്. കരുവാറ്റ സ്വദേശിനിയായ ഡോക്ടര്‍ പതിവായി 10 മണികഴിഞ്ഞാണ് എത്തുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് ഒ.പി സമയം. എങ്കിലും ഉച്ചക്ക് ഒരു മണികഴിയുമ്പോള്‍ ഡോക്ടര്‍ മടങ്ങിപോകാറാണ് പതിവ്. പലതവണ നാട്ടുകാരും രോഗികളും ഈ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ ഒന്‍പതിന് ഡോക്ടര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി ഗേറ്റ് പൂട്ടിയിട്ടത്.
പിന്നീട് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി ഇവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍ക്ക് അകത്തേക്കു പ്രവേശിക്കാന്‍ അനുമതി നല്‍കി . ഡോക്ടര്‍ കൃത്യ സമയത്ത് എത്താന്‍ നടപടി സ്വീകരിക്കുമെന്ന ഡി.എം.ഒയുടെ ഉറപ്പിന്മേല്‍ ഉച്ചക്ക് രണ്ടോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."