തോമസ് കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വടക്കനാട് പന്തനാല്‍ പി.പി തോമസ് (43) കൊല ചെയ്യപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ കിടങ്ങനാട് പാമ്പനാട് മോഹന(57)ന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ അഡീഷമല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി രണ്ട് ജഡ്ജി എന്‍. വിനോദ് കുമാറാണ് വിധി പറഞ്ഞത്. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ കേസില്‍ ഹാജരായി.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസം തടവും അമ്പതിനായിരം രൂപ പിഴയും ആംസ് ആക്ട് 25 പ്രകാരം ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ആംസ് ആക്ട് 27 പ്രകാരം ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2011 ഒക്ടോബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് തോമസിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മോഹനന്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയായിരുന്നു. മോഹനനെതിരേ മോശമായി സംസാരിക്കുകയും നായാട്ട് നടത്തുന്ന കാര്യം അധികൃതരെ അറിയിക്കുമെന്ന പറയുകയും ചെയ്തതിന്റെ വൈര്യാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന് രാത്രി എട്ടുമണിയോടെ തോക്കുമായി തോമസിന്റെ വീട്ടിലേക്ക് പോയ മോഹനന്‍ വീട്ടിലേക്കുള്ള വഴിയില്‍ തോക്ക് വെച്ചു. തുടര്‍ന്ന് വീട്ടിലെത്തി തോമസിനെ പ്രകോപിപ്പിച്ച് പുറത്തിറക്കുകയും മോഹനനെ പിടികൂടുന്നതിന്നായി പുറകെയെത്തിയ തോമസിനെ വഴിയില്‍ വെച്ച് തോക്കു കൊണ്ട് വെടിവെയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെ മോഹനനെ പൊലിസ് പിടികൂടുകയും ചെയ്തു. കേസിലെ രണ്ടാം പ്രതി ചുണ്ടാട്ട് ജോസിനെയും മൂന്നാം പ്രതി പുളിക്കല്‍ ജോസിനെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. സുല്‍ത്താന്‍ ബത്തേരി സി.ഐ വിശ്വംഭരനായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടര്‍ന്ന് കേസ് അന്വേഷിച്ച സി.ഐ വി.വി ലതീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എ.എസ്.ഐമാരായ ഉമ്മര്‍, ശശികുമാര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തോമസിന്റെ ഭാര്യ സീന പറഞ്ഞു. തന്റെ മടിയില്‍ കിടന്നാണ് തന്റെ ഭര്‍ത്താവ് പിടഞ്ഞ് മരിച്ചത്.
വെടിവച്ച ശേഷവും പ്രതി മോഹനന്‍ നാട്ടില്‍ വിലസുന്നത് കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നു. ഒടുവില്‍ വിധി വന്നതോടെ ആശ്വാസമായെന്നും സീന പറഞ്ഞു. വിധി കേള്‍ക്കാന്‍ സീനക്ക് പുറമെ മക്കളും അമ്മയും കോടതിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."