പെരുമ്പളം ദ്വീപിന്റെ 'ഐശ്വര്യം ജങ്കാര്‍' ഇനിയും വൈകും
പൂച്ചാക്കല്‍: ജങ്കാറിന്റെ സര്‍വീസ് കാലാവധി നീട്ടി നല്‍കുന്നതിന് ജങ്കാര്‍ നിര്‍മാണ വിതരണ ഏജന്‍സിയായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ(കെഎസ്ഐഎന്‍സി)തീരുമാനം.കെ.എസ്.ഐ.എന്‍.സിയുടെ ജങ്കാര്‍ ദിവസ വാടകയ്ക്ക് എടുത്താണ് പെരുമ്പളം ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ പാണാവള്ളി പെരുമ്പളം ഫെറിയില്‍ സര്‍വീസ് നടത്തുന്നത്.
ജങ്കാറിന് അറ്റകുറ്റപണികള്‍ ആവശ്യമുള്ളതിനാല്‍ 23ന് മുന്‍പായി പിന്‍വലിക്കുമെന്ന് അറിയിച്ചു കെഎസ്ഐഎന്‍സി പെരുമ്പളം ഗ്രാമപഞ്ചായത്തിന് അടുത്തിടെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പകരം സംവിധാനമില്ലാതെ ജങ്കാര്‍ പിന്‍വലിക്കരുതെന്നും സമയം നീട്ടിനല്‍കണമെന്നും പെരുമ്പളം ഗ്രാമപഞ്ചായത്ത് ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. 29വരെ സര്‍വീസ് നീട്ടി നല്‍കിയതായി കെഎസ്ഐഎന്‍സി അധികൃതര്‍ അറിയിച്ചു.എ.എം. ആരിഫ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ തയാറാക്കിയ 'ഐശ്വര്യം ജങ്കാര്‍' നിര്‍മിച്ചത് കെ.എസ്.ഐ.എന്‍സിയാണ്.
അതിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായിട്ടും പഞ്ചായത്ത് ഏറ്റെടുക്കാന്‍ വൈകുന്നതിനെ തുടര്‍ന്നാണ് തങ്ങള്‍ വാടകയ്ക്കു നല്കിയ ജങ്കാര്‍ പിന്‍വലിക്കുന്നെന്ന് അറിയിച്ച് കെ.എസ്.ഐ.എന്‍.സി രംഗത്തെത്തിയതെന്നാണ് സൂചന.
എന്നാല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിര്‍മാണ ഏജന്‍സിയും ചേര്‍ന്ന് ചര്‍ച്ചകളും പരിശോധനയും നടത്തിയ ശേഷം 'ഐശ്വര്യം' ജങ്കാര്‍ ഏറ്റെടുക്കാമെന്നും അതുവരെ വാടകയ്ക്കുള്ള ജങ്കാര്‍ തുടരണമെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."