കടയുടമയെ അക്രമിച്ച സംഭവം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: പടിയൂര്‍ കാക്കാതിരുത്തിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടയുടമയെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ കാട്ടൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. കാക്കാതുരുത്തി സ്വദേശികളായ കൈപറമ്പില്‍ മണികണ്ഠന്‍, കളത്തിപറമ്പില്‍ വീട്ടില്‍ രാജേഷ്, ആലുക്കത്തറ വീട്ടില്‍ ജിജേഷ് എന്നിവരെയാണ് കാട്ടൂര്‍ എസ്.ഐ സുഷാന്തും സംഘവും അറസ്റ്റു ചെയ്തത്.
ഇടതുപക്ഷ പ്രവര്‍ത്തകനും വ്യാപാരിയുമായ കാക്കാതിരുത്തി സ്വദേശിയും വലുപറമ്പില്‍ വീട്ടില്‍ അനിയനെയാണ് കടയടക്കാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ മര്‍ദിച്ചത്. കുറ്റികടവ് റോഡില്‍ പലചരക്കുകട നടത്തിവരുന്ന അനിയന്‍ ഹര്‍ത്താല്‍ ദിവസം രാവിലെ 10ന് കട തുറന്നു പുറത്തേക്ക് കൊണ്ടുപോകാന്‍ പഴക്കുലകള്‍ ഇറക്കുതിനിടയില്‍ സമീപവാസിയായ യുവാവ് വന്നു കട അടക്കുവാന്‍ പറയുകയായിരുന്നു. ഇതിനിടയില്‍ മൊബൈലില്‍ കോള്‍ വന്നപ്പോള്‍ സംസാരിച്ച അനിയനെ മറ്റുരണ്ടു പേരു കൂടി വന്നു ഇടിക്കട്ട പോലുള്ള ആയുധം വെച്ചു മുഖത്ത് ഇടിക്കുകയായിരുന്നുവെന്നും കടയിലെ സാധനങ്ങള്‍ കേടുപാടുവരുത്തുകയായിരുന്നുവെന്നും രാഷ്ടീയ വൈരാഗ്യമാണ് മര്‍ദ്ദനത്തിനു കാരണമെന്നും അനിയന്‍ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവശേഷം ആശുപത്രിയിലേക്ക് വരുന്നതിനിടയില്‍ സമരാനുകൂലികള്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീഷണിപെടുത്തിയതായും പരാതിയുണ്ടായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ സജീവ്, പൊലിസുകാരായ ഷിബു, സൈഫുദീന്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."