ഗര്‍ഭിണിക്കും കുഞ്ഞിനുമായി മാതൃ ശിശുസംരക്ഷണ കാര്‍ഡ്
കണ്ണൂര്‍: മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യപരിപാലനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആരോഗ്യ വകുപ്പിന്റെ മാതൃ ശിശുസംരക്ഷണ കാര്‍ഡ്. ഗര്‍ഭകാലം മുതല്‍ ഗര്‍ഭിണിയുടെയും പ്രസവത്തിനു ശേഷം ശിശുവിന്റെയും ആരോഗ്യത്തെ കുറിച്ച് രേഖപ്പെടുത്തുന്നതിനാണു മാതൃ ശിശുസംരക്ഷണ കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്. മാതൃമരണം, ശിശുമരണം എന്നിവ കുറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇതിനായി ജില്ലയില്‍ മൂന്ന് ആഴ്ചയായി പരിശീലനം നടക്കുകയാണ്. ബ്ലോക്ക് തലത്തില്‍ ആശാവര്‍ക്കര്‍ മുഖേന രണ്ടാഴ്ചക്കകം കാര്‍ഡ് വിതരണം ചെയ്യും.
ഗര്‍ഭിണിയായ മുതല്‍ നടത്തുന്ന ചികിത്സ, പരിശോധന, പോഷകാഹാരത്തെ കുറിച്ചുള്ള വിവരണം, കുത്തിവയ്പ്പ്, ആരോഗ്യ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ കൃത്യമായി രേഖപ്പെടുത്തണം. സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ നടത്തുന്നതെങ്കിലും ചികിത്സ വിവരങ്ങളും മറ്റും ഡോക്ടര്‍ കൃത്യമായി കാര്‍ഡില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് പ്രസവ ശേഷം കുഞ്ഞിന്റെ ആരോഗ്യം, ചികിത്സ, കുത്തിവയ്പ്പ് തുടങ്ങിയ കാര്യങ്ങളും ഈ കാര്‍ഡില്‍ തന്നെയാണ് രേഖപ്പെടുത്തേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മറ്റു ആശുപത്രികളിലോ മറ്റു ഡോക്ടര്‍മാരുടെയോ ചികിത്സ തേടേണ്ട ആവശ്യം വന്നാല്‍ ഈ കാര്‍ഡുപയോഗിച്ചു കൃത്യമായി വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമെ സംസ്ഥാനത്ത് മാതൃമരണം തടയാന്‍ അമ്മ മനസ് പദ്ധതിയും നടപ്പിലാക്കും. ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്ത് ഉണ്ടാകുന്ന മാനസികപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഹരിക്കുകയാണ് അമ്മ മനസ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയോടനുബന്ധിച്ച് ജില്ലയിലും ആവശ്യമായ നടപടികള്‍ ആരംഭിക്കുമെന്ന് റീപ്രൊഡക്ഷന്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ജില്ലാ ഓഫിസര്‍ പി.എം ജ്യോതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."