മലബാറിൽ നിന്നുള്ള പ്രവാസികൾക്കു ആശ്വാസം നൽകി ജിദ്ദ - കരിപ്പൂർ ഇൻഡിഗോ വിമാന സർവീസ് മാർച്ച് 29 മുതൽ
ജിദ്ദ: മലബാറിൽ നിന്നുള്ള പ്രവാസികൾക്കും ഉംറ യാത്രക്കാ൪ക്കും ആശ്വാസം നൽകി ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു.
മാർച്ച് 29 മുതലാണ് വിമാന സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. രാവിലെ 8.55 നു കോഴിക്കോട് നിന്നും പറന്നുയുരുന്ന വിമാനം ഉച്ചക്ക് 12.20 നു ജിദ്ദയിലെത്തും. തിരിച്ചു ജിദ്ദയിൽ നിന്നും ഉച്ചക്ക് 1.20 നു പുറപ്പെട്ട് രാത്രി 9.35 നു കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഓണ്‍ലൈനിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് വൺവേ ടിക്കറ്റ് 750 സഊദി റിയാൽ മുതൽ ഇപ്പോൾ ലഭ്യമാണ്. 25 കിലോ ചെക്ക് ഇൻ ലഗ്ഗേജും, ഏഴു കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. 186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 ശ്രേണിയിൽപെട്ട വിമാനമാണ് ജിദ്ദയിലേക്കുള്ള സർവീസിനായി ഉപയോഗിക്കുന്നത്.
അതേ സമയം അടുത്ത മാസം 16 മുതൽ എയർ ഇന്ത്യ ജംബോ സർവീസ് ആരംഭിക്കാനിരിക്കെയാണ് ഇൻഡിഗോയുടെ പ്രഖ്യാപനം. ഇതോടെ ജിദ്ദ-കോഴിക്കോട് സെക്ടറിൽ സർവ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും.
നിലവിൽ സഊദി എയർലൈൻസ്, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത മാസം 16 മുതൽ എയർ ഇന്ത്യ ജംബോ സർവീസും പുനരാരംഭിക്കും. ഇൻഡിഗോയും സർവ്വീസ് ആരംഭിക്കുന്നതോടെ ജിദ്ദ-കോഴിക്കോട് സെക്ടറിൽ നേരിട്ട് സർവ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം നാലാകും. ഇത് യാത്രാക്ലേശം അനുഭവിക്കുന്ന പ്രവാസികൾക്കും ഏറെ ആശ്വാസം നൽകുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."