വന്‍ എക്‌സൈസ് വേട്ട; അഞ്ചുകിലോ കഞ്ചാവും കോടയും വാറ്റുചാരായവും പിടിച്ചെടുത്തു
കൊട്ടാരക്കര: കൊട്ടാരക്കര എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ വന്‍ ലഹരി വേട്ട. അഞ്ചുകിലോ കഞ്ചാവും രണ്ടു ലിറ്റര്‍ വാറ്റു ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കിഴക്കേതെരുവ് പാലനിരപ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോയില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ഓട്ടോയിലുണ്ടായിരുന്ന തലവൂര്‍ വടക്കോട് ഓലിയോട് കോളനയില്‍ സത്യനെ (46) എക്‌സൈസ് സംഘം പിടകൂടി. പ്രധാന പ്രതിയും ഓട്ടോയുടെ ഡ്രൈവറുമായ തലവൂര്‍ ഇരുവേലിക്കര അലക്കുഴി ഗിരീഷ് ഭവനില്‍ ഗിരീശന്‍ (50) ഓടി രക്ഷപ്പെട്ടു.
പിടിയിലായ സത്യനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യാജ ചാരയ നിര്‍മാണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തലവൂര്‍ ഇരുവേലിക്കര ഗിരീശന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അവിടെ പ്രവര്‍ത്തിച്ചിരുന്ന വാറ്റു ചാരായ കേന്ദ്രത്തില്‍ നിന്ന് മുന്നൂറ് ലിറ്റര്‍ വാഷ,് കളര്‍ ചേര്‍ത്ത 2 ലിറ്റര്‍ ചാരായം, 50 ലിറ്ററിന്റെ രണ്ടു ട്രേകള്‍, അലൂമിനിയം കലങ്ങള്‍, വാറ്റുപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തത്. ഷാഡോ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കൊട്ടാരക്കര കേന്ദ്രീകരിച്ച് ശക്തമായി കഞ്ചാവ് വിതരണം നടത്തുന്നതായി വിവരം ലഭിക്കുന്നത്. പകല്‍ സമയങ്ങളിലാണ് കഞ്ചാവ് വിതരണം. ഇതിന്റെ ഭാഗമായി തലവൂര്‍ -കൊട്ടാരക്കര റോഡില്‍ എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് എതിരേവന്ന ഓട്ടോ എക്‌സൈസ് സംഘത്തെ കണ്ടു നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഓട്ടോയില്‍ യാത്രചെയ്തിരുന്ന ആളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് 5 കിലോ കഞ്ചാവുമായി ഓട്ടോയില്‍ വില്‍പ്പനയ്ക്കായി പോകുന്ന വിവരം പുറത്തറിയുന്നത്.
പത്തനാപുരം- കൊട്ടാരക്കര എക്‌സൈസ് റെയ്ഞ്ചുകളിലായി 10 ഓളം അബ്കാരി കേസുകളില്‍ പ്രതിയാണ് ഓടി രക്ഷപ്പെട്ട ഗിരീശന്‍. ഒരു കൊലപാതക കേസും ഇയാളുടെ പേരിലുണ്ട്. പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്ന ഗിരീശന്‍ താമസിച്ചിരുന്ന വീട്ടില്‍ വ്യാജ ചാരായം ഉണ്ടാക്കി വില്‍പന നടത്തിയിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്. ഗിരീശന്റെ സഹായിയായാണ് സത്യന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരും ആ വീട്ടില്‍ താമസിക്കുകയും ഓട്ടോയില്‍ കറങ്ങി നടന്ന് ചാരായവും കഞ്ചാവും വിറ്റിരുന്നതായും പിടിയിലായ പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എക്‌സൈസ് സംഘം ഗിരീശിന്റെ വീട്ടില്‍ പരിശോധന നടത്തി വാറ്റു ചാരായം ഉണ്ടാക്കുവാനുള്ള ഉത്പന്നങ്ങളും പിടിച്ചെടുത്തു. കളര്‍ ചേര്‍ത്ത് ആധുനിക രീതിയിലാണ് ചാരായം ഇവിടെ ഉണ്ടാക്കുന്നത്. ഗിരീശന്‍ ആനക്കോട്ടൂര്‍-കല്ലുവാതുക്കല്‍ എന്നീ മേഖലകളിലും താമസിച്ചിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി എക്‌സൈസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
വരുന്ന ദിവസങ്ങളില്‍ കൊട്ടാരക്കര മേഖലകളില്‍ എക്‌സൈസ് നിരീക്ഷണം കര്‍ശനമാക്കുമെന്ന് എക്‌സൈസ് സി.ഐ വി. റോബര്‍ട്ട് അറിയിച്ചു. പിടിയിലായ പ്രതി സത്യനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സുരേഷ് ബാബു, അസിസ്റ്റന്റെ എക്‌സൈസ് കമ്മിഷണര്‍ മുരളീധരന്‍ പിള്ള എന്നിവരുടെ നിര്‍ദേശപ്രകാരം എക്‌സൈസ് സി.ഐ വി.റോബര്‍ട്ട്, ഇന്‍സ്‌പെക്ടര്‍ എസ്. ശശികുമാര്‍, പ്രിവന്റിവ് ഓഫിസര്‍ സുജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, വിഷ്ണു, മനു, ഗോപകുമാര്‍, ശാലിനി ശശി, വിജയന്‍, ശിവന്‍കുട്ടി എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."