സ്ത്രീകളെ അവഹേളിക്കുന്ന ശബ്ദം ഉയര്‍ന്നുവന്നത് മോശം: കെ.പി രാമനുണ്ണി
കോഴിക്കോട്: സ്ത്രീകളെ അവഹേളിക്കുന്ന ശബ്ദം കേരളത്തില്‍ ഉയര്‍ന്നു വന്നത് വളരെ മോശമെന്ന് കെ.പി രാമനുണ്ണി. നവോത്ഥാന മൂല്യസംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ 'കേരളത്തെ കലാപഭൂമിയാക്കരുത് ' മുദ്രാവാക്യത്തോടെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്‌കാരിക ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദങ്ങളിലും സംഘകാല കൃതികളിലും മതമൂല്യങ്ങളിലും സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ഥാനമാണു നല്‍കിയിരിക്കുന്നത്. എന്നാല്‍ അവയ്ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരേ പ്രചാരണങ്ങള്‍ കേരളത്തില്‍ നടക്കുന്നത്. ലിംഗസമത്വത്തെ തകര്‍ക്കുന്ന രീതിയിലുള്ള വാക്കുകളാണ് അവര്‍ക്കു നേരെ ഉപയോഗിക്കുന്നത്. കേരളം പോലെ എല്ലാ കാര്യങ്ങളിലും ഉയര്‍ന്നുനില്‍ക്കുന്ന സ്ഥലത്ത് ഇത്തരത്തില്‍ മാറ്റം വന്നതു വളരെ ഗൗരവകരമായ കാര്യം തന്നെയാണ്.
അടഞ്ഞ കടകള്‍ തകര്‍ക്കുന്നതിലൂടെ വിനാശകരമായ വര്‍ഗീയ അജന്‍ഡയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
വര്‍ഗീയശക്തികള്‍ വളര്‍ന്നാല്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ തലകുനിച്ചു നില്‍ക്കേണ്ടി വരും. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ മുഴുവന്‍ അടിച്ചുതകര്‍ക്കുമെന്നായിരുന്നു ഹര്‍ത്താലില്‍ ഉയര്‍ന്നുകേട്ട ആക്രോശം. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ഇരട്ടത്താപ്പാണു ബി.ജെ.പിയും സംഘ്പരിവാറും സ്വീകരിച്ചിരിക്കുന്നത്.
വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിക്കാതെ തെരുവില്‍ സമരം ചെയ്യുന്നത് അപഹാസ്യമാണ്. ഫാസ്റ്റിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയാല്‍ ആദ്യം നശിപ്പിക്കുക അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളെയുമാണ്. പിന്നീട് കലാകാരന്മാര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ തങ്ങളുടെ അഭിപ്രായം തുറന്നുപറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദത്തിനും മാനവസ്‌നേഹത്തിനും പേരുകേട്ട കോഴിക്കോട്ടു നിന്ന് വര്‍ഗീയ കലാപത്തിനുള്ള ആഹ്വാനങ്ങള്‍ ഉയരുന്നത് അങ്ങേയറ്റം ഭീതജനകമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത ചരിത്രകാരനുമായ കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
നവോത്ഥാന മൂല്യസംരക്ഷണ വേദി മുഖ്യരക്ഷാധികാരി കെ.ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി.കെ.ഇ.എന്‍, പി.കെ പാറക്കടവ്, ഡോ. എം.എം ബഷീര്‍, പോള്‍ കല്ലാനോട്, കെ. അജിത, യു. ഹേമന്ത്കുമാര്‍, പ്രൊഫ. വി. സുകുമാരന്‍, പ്രൊഫ. ഫാത്തിമ്മത്ത് സുഹറ, പ്രൊഫ. കെ. ശ്രീധരന്‍, വില്‍സണ്‍ സാമുവല്‍, കാസിം വാടാനപ്പള്ളി, ടി. സുമേഷ് ബാബു, എ. രത്‌നാകരന്‍, മുക്കം മുഹമ്മദ്, പി. കിഷന്‍ചന്ദ്, കെ. ലോഹ്യ, ഒ.പി സുമേഷ് തുടങ്ങി നിരവധി എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."