രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്തുപോലും ഇല്ലാത്ത അടിച്ചമര്‍ത്തല്‍: പ്രശാന്ത് ഭൂഷണ്‍
കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് പോലുമില്ലാത്ത വിധം പ്രതിഷേധങ്ങളെ പൊലിസും ഭരണകൂടവും മുഖ്യധാരാ മാധ്യമങ്ങളും അക്രമിസംഘങ്ങളും ചേര്‍ന്ന് അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍. മോശം കാലഘട്ടമാണ് ഇതെങ്കിലും കരുത്തുറ്റ പോരാട്ടത്തിന്റെ മികച്ച കാലം കൂടിയാണ് കടന്നുപോകുന്നത്. ഇത് ശുഭപ്രതീക്ഷയുണര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. പീപ്പിള്‍ യുനൈറ്റഡ് എഗയ്ന്‍സ്റ്റ് യു.എ.പി.എയുടെ നേതൃത്വത്തില്‍ സി.എ.എക്കും യു.എ.പി.എക്കുമെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൂറു വര്‍ഷത്തോളമായി ആര്‍.എസ്.എസ് അജണ്ടയിലുള്ള ഹിന്ദു രാഷ്ട്രമെന്ന യാഥാര്‍ഥ്യത്തിലേക്കുള്ള ആദ്യ പടിയെന്ന നിലയിലാണ് സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറുമടങ്ങുന്ന പാക്കേജ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത്. വോട്ടിങ് അവകാശം ഇല്ലാതാക്കി മുസ്‌ലിംകളെ പൗരന്‍മാര്‍ പോലും അല്ലാത്തവരാക്കി മാറ്റും. സമരം ചെയ്യുന്നവരെ ഗുണ്ടാസംഘങ്ങളെന്ന് ആക്ഷേപിക്കുന്ന കേന്ദ്ര ഭരണകൂടമാണ് യഥാര്‍ഥ ഗുണ്ടകള്‍.
സാധാരണക്കാരായ മനുഷ്യരുടെ കൈവശമുള്ള രേഖകളൊന്നും പൗരത്വം തെളിയിക്കാന്‍ മതിയാവാതെ വരും. സാധാരണ ക്രിമിനല്‍ കേസില്‍ പ്രതികളായവരെ കുറ്റം തെളിയിക്കുന്നത് വരെ നിരപരാധികളായാണ് നിയമം കാണുന്നതെങ്കില്‍ പൗരത്വം സംശയിക്കുന്നവരെ പൗരന്‍മാരല്ലാതെയാണ് പരിഗണിക്കുന്നത്. പൗരനാണെന്ന് തെളിയിക്കാനുള്ള ബാധ്യത അയാള്‍ക്കാണ്.യു.എ.പി.എ വ്യാജമായി ചുമത്തിയാണ് പലരെയും വര്‍ഷങ്ങളോളം ജാമ്യമില്ലാതെ തടവിലിടുന്നത്. ഇവരിലേറെ പേരും അവസാനം നിരപരാധികളായി പുറത്തുവരാറാണ് പതിവ്. യു.എ.പി.എ, എന്‍.എസ്.എ നിയമങ്ങള്‍ ശരിവച്ച സുപ്രിം കോടതി ഉത്തരവ് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെ.പി സേതുനാഥ്, ജോണ്‍ ജോസഫ്, ആഭ മുരളീധരന്‍, സ്മൃതി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."