പേരാമ്പ്ര അക്രമം: പൊലിസും സി.പി.എമ്മും കൊമ്പുകോര്‍ക്കുന്നു
കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തോടനുബന്ധിച്ച് ജില്ലയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസും സി.പി.എമ്മും ഇടയുന്നു. പേരാമ്പ്ര ടൗണ്‍ ജുമാമസ്ജിദിനു നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായത് സി.പി.എമ്മിനു തിരിച്ചടിയായിരിക്കുകയാണ്.
ഇതു പാര്‍ട്ടിയുടെ മതേതര മുഖത്തിനേറ്റ അടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. അതേസമയം, സംഭവം ഇടതുപക്ഷത്തിന്റെ നേര്‍ക്കു തിരിച്ച് കോണ്‍ഗ്രസും മുസ്‌ലിം ലീഗുമടക്കമുള്ള യു.ഡി.എഫ് കക്ഷികള്‍ രംഗത്തുവന്നു.
അതുകൊണ്ടുതന്നെ ഈ കേസിലെ എഫ്.ഐ.ആര്‍ തയാറാക്കിയത് പൊലിസിലെ സംഘ്പരിവാറുകാരാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ഇപ്പോള്‍ സി.പി.എം ശ്രമിക്കുന്നത്. ഇതേ അഭിപ്രായം കഴിഞ്ഞദിവസം മുതല്‍ സി.പി.എം ഉയര്‍ത്തുന്നുണ്ട്. ഇന്നലെ കോഴിക്കോട്ടെത്തിയ മന്ത്രി ഇ.പി ജയരാജനും ആരോപണം ആവര്‍ത്തിച്ചു. പള്ളിക്കു നേരേയുണ്ടായ ആക്രമണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അതിനു പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നും പറഞ്ഞ മന്ത്രി ഇ.പി കേസില്‍ പൊലിസ് തയാറാക്കിയ എഫ്.ഐ.ആറില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിനുപിന്നില്‍ സംഘ്പരിവാര്‍ മുഖമുള്ള പൊലിസുകാരാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
സംസ്ഥാനത്തു ക്രമസമാധാന നില തകര്‍ന്നുവെന്ന അഭിപ്രായം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. പൊലിസില്‍ കുഴപ്പമുണ്ടാക്കാന്‍ സംഘ്പരിവാറുകാര്‍ ശ്രമം നടത്തുന്നതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അതുകൊണ്ട് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന നീക്കങ്ങളെ ജാഗ്രതയോടെ കാണണമെന്നായിരുന്നു ആഭ്യന്തരവകുപ്പ് പൊലിസിനു നല്‍കിയിരുന്ന നിര്‍ദേശം. എന്നിട്ടും ജില്ലയില്‍ പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നാണ് ആരോപണം. ഇതു സിറ്റി പൊലിസ് കമ്മിഷണര്‍ക്കെതിരേ ഉയര്‍ത്തി മറ്റൊരു പൊലിസുകാരന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇയാള്‍ക്കെതിരേ ഒരുവിഭാഗം പൊലിസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരും സേനയിലുണ്ട്.
യുവതീ പ്രവേശനം നടന്ന ദിവസം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ ഇരുപതില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമായിരുന്നിട്ടും പൊലിസ് കാഴ്ചക്കാരായി നോക്കിനിന്നുവെന്നാണ് മറ്റൊരാരോപണം.
ടയര്‍ കത്തിച്ച് ജനങ്ങളെ ഒരു മണിക്കൂറോളം ബന്ധികളായി നിര്‍ത്തിയപ്പോഴും പ്രകടനത്തിലുള്ളവരേക്കാള്‍ പൊലിസുകാര്‍ ഉണ്ടായിരുന്നിട്ടും സമരം വിജയിക്കുംവരെ പൊലിസ് നോക്കിനിന്നു. പിന്നീടാണ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
ജില്ലയില്‍ പല സംഭവങ്ങളിലും സംഘ്പരിവാറിന് അകൂലമായി പൊലിസ് കേസുണ്ടാക്കുകയാണെന്നും ഇവിടെയെല്ലാം പാര്‍ട്ടിയാണ് പ്രതിക്കൂട്ടിലാകുന്നതെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ അഭിപ്രായപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."