കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം മുടങ്ങാന്‍ അനുവദിക്കില്ല: അഡ്വ. വി.ബി ബിനു
കോട്ടയം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കുടിശിക വരുത്തുന്നത് അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു പറഞ്ഞു. കെ.എസ്.ആര്.ടി.സി തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്കൊണ്ട് കാസര്‍കോട് നിന്ന് കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് എംപ്ലോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി രാഹുലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രചര ജാഥയുടെ കോട്ടയം ജില്ലയിലെ പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ആര് ഭരണത്തിലിരിക്കുന്നു എന്ന് നോക്കാതെ ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള സംഘടനയാണ് എ.ഐ.ടി.യു.സി. കെ.എസ്.ആര്.ടി.സി തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കാന്‍ ബജറ്റില്‍ പ്രത്യേകം സാമ്പത്തിക വിഹിതം ഉണ്ടായേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ട്രാന്‍സ്പോര്‍ട് സ്റ്റേഷന് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ യൂനിയന്‍ പ്രസിഡന്റ് ബിജു കെ നായര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി നേതാക്കളായ ബി രാമചന്ദ്രന്, കെ രമേശ് എന്നിവരും ജാഥാ ക്യാപ്റ്റന്‍ രാഹുലും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."