രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുത്: ഗവര്‍ണര്‍ക്കെതിരേ സ്പീക്കറും
തിരുവനന്തപുരം: ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്യൂട്ട് ഹരജി ഫയല്‍ ചെയ്തതിനെതിരേ ഗവര്‍ണര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് യഥാര്‍ഥ അധികാരകേന്ദ്രം. പ്രസിഡന്റ് ഒരിക്കലും പ്രധാനമന്ത്രിക്ക് മുകളില്‍ വരാറില്ല.
സംസ്ഥാനത്തെ തലവന്‍ മുഖ്യമന്ത്രി തന്നെ. ജനാധിപത്യ സംവിധാനത്തില്‍ ജനനേതാവിനാണ് പ്രാധാന്യം. നയപ്രഖ്യാപനം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണ്. ആ നയം ഗവര്‍ണര്‍ സഭയില്‍ അവതരിപ്പിക്കും. അതില്‍ തര്‍ക്ക വിഷയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സി.പി.എം മുഖപത്രമായ ദേശാഭിമാനിയും ഗവര്‍ണറെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. ഗവര്‍ണര്‍ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ദേശാഭിമാനി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."