അറ്റകുറ്റപ്പണി: ലോവര്‍പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും വറ്റിച്ചു
സ്വന്തം ലേഖകന്‍
തൊടുപുഴ: അറ്റകുറ്റപ്പണികള്‍ക്കായി ലോവര്‍പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും വറ്റിച്ചു. അണക്കെട്ടിനുള്ളിലെ വെള്ളം പരമാവധി പ്രയോജനപ്പെടുത്താന്‍ കരിമണല്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദനം ഇന്നലെ രാവിലെ 11 വരെ നടത്തിയിരുന്നു. ഇതിനു ശേഷം അണക്കെട്ടിലെ സ്ലൂയിസ് വാല്‍വ് തുറന്ന് ശേഷിക്കുന്ന വെള്ളം പൂര്‍ണമായും വറ്റിച്ചു. കരിമണല്‍ പവര്‍ഹൗസിലേയ്ക്ക് വെള്ളം കൊണ്ടു പോകുന്ന ടണലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അരിപ്പയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുന്ന പണികളും ആരംഭിച്ചു. ഇതുകൂടാതെ ഷട്ടറുകളുടെ പരിശോധനയും ഇതോടൊപ്പം നടത്തും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. 180 മെഗാവാട്ടിന്റെ കരിമണല്‍ പവര്‍ഹൗസില്‍ 60 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണുള്ളത്. ജനറേറ്ററുകളുടെയും അനുബന്ധ സാമഗ്രികളുടെയും പരിശോധനകളും ഇതോടൊപ്പം നടത്തും. കല്ലാര്‍കുട്ടി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് നേര്യമംഗലം പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദനം നടത്തിയതിനുശേഷം പുറത്തേക്കുവിടുന്ന വെള്ളമാണ് ലോവര്‍പെരിയാര്‍ അണക്കെട്ടിലെത്തുന്നത്. ലോവര്‍പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതിനാല്‍ നേര്യമംഗലം പവര്‍ഹൗസിന്റെ പ്രവര്‍ത്തനവും നിര്‍ത്തിയിരിക്കുകയാണ്. 17.5 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും 25 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് നേര്യമംഗലം പവര്‍ഹൗസിലുള്ളത്. ഈ ജനറേറ്ററുകളുടെ പരിശോധനയും അറ്റകുറ്റപ്പണികളും ഉദ്യോഗസ്ഥര്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."