മഹിത പാരമ്പര്യത്തിന്റെ ചരിത്രം രചിച്ച വി.എസ്.എ തങ്ങള്‍
ഏഴു പതിറ്റാണ്ട് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിറഞ്ഞുനിന്ന ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു ആയഞ്ചേരിയില്‍ നിര്യാതനായ വി.എസ്.എ തങ്ങള്‍. മഹിതപാരമ്പര്യത്തിന്റെ ചരിത്രം രചിച്ച സയ്യിദ് ആറ്റക്കോയ തങ്ങള്‍ കാര്യങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തിയ തൂലികയുടെ ഉടമയായിരുന്നു. പ്രശ്‌നസങ്കീര്‍ണമായ പ്രദേശങ്ങളില്‍ സമാധാനസന്ദേശം അക്ഷരങ്ങള്‍ കൊണ്ട് വരച്ചുകാണിക്കുകയായിരുന്നു തങ്ങള്‍.
മതം അനുശാസിക്കുന്ന ശാശ്വത സമാധാനത്തിന്റെ സമഗ്രപഠനം യുവതലമുറയില്‍ എത്തിക്കാന്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു. ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് വ്യതിചലിക്കുന്ന പ്രവണതയെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. ഒട്ടേറെ വിവര്‍ത്തനകൃതികളും പഠനഗ്രന്ഥങ്ങളും അദ്ദേഹം എഴുതി. തനിക്കാവശ്യമായ കൈത്തഴക്കം വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ സിദ്ധിച്ച അദ്ദേഹം സര്‍ഗപ്രക്രിയയെ പോഷിപ്പിക്കാന്‍ അച്ചടി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി. മത-ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണെന്ന് അദ്ദേഹം സമര്‍ഥിച്ചു.
തന്റെ വിശാലമായ വായന മനസ്സില്‍ കൊയ്തുകൂട്ടിയ അറിവുകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ആകര്‍ഷകമായ ശൈലിയില്‍ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. മതത്തെ കഠിനമായി വിമര്‍ശിച്ചവര്‍ക്ക് തൂലികയിലൂടെ അദ്ദേഹം ഉരുളക്കുപ്പേരി നല്‍കി. പണത്തിനും സ്ഥാനത്തിനും വേണ്ടി മഹത്തുക്കളെ തള്ളിപ്പറയുന്നവരും ചരിത്രം വളച്ചൊടിക്കുന്നവരും വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് അരങ്ങു തകര്‍ക്കുമ്പോള്‍ നുണക്കഥകള്‍ക്കെതിരേ ആഞ്ഞടിക്കാന്‍ തങ്ങളുടെ തൂലിക മടിച്ചില്ല.
സംഭ്രമജനകമായ രാഷ്ട്രീയവും കൗതുകമുണര്‍ത്തുന്ന സംവാദങ്ങളും മത മര്യാദയുടെ ഭാഗമല്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ഏത് സാഹചര്യത്തിലും സമചിത്തത നഷ്ടപ്പെടാതെ ധര്‍മം നിര്‍വഹിക്കണമെന്നായിരുന്നു ആ പണ്ഡിതന്റെ നിര്‍ദേശം.
വിശാലമായ ഈ പ്രപഞ്ചത്തിലെ ഓരോ ചലനവും അതിന് പിന്നിലുള്ള കാരണത്തെ ആരായുന്നുവെന്ന് തലമുറ വായിച്ചുപഠിച്ചത് തങ്ങളുടെ ലേഖന പരമ്പരകളില്‍ നിന്നാണ്. കാര്യകാരണ ബന്ധം യുക്തിഭദ്രവും സോദ്ദേശപരവുമാകുന്നുവെന്ന് രചനകള്‍ വ്യക്തമാക്കി.
അധ്യാപകവൃത്തിയിലൂടെ നിരവധി ശിഷ്യന്മാരെ അദ്ദേഹം വാര്‍ത്തെടുത്തു. 'ഖതീബ്' ജോലി ഉപജീവനത്തിന് മാത്രമുള്ള മാര്‍ഗമല്ലെന്നും സാമൂഹ്യപരിഷ്‌കരണത്തിന്റെ ഭാഗമാണെന്നും തെളിയിച്ചു. മദ്്‌റസകളിലെ 'സദര്‍ മുഅല്ലിം' സ്ഥാനം അലങ്കാരമായി കൊണ്ടുനടക്കാതെ സ്‌നേഹസമ്പന്നനായ വഴികാട്ടിയായി സാക്ഷരതയ്ക്ക് മാര്‍ഗദീപമായി തങ്ങള്‍ സമൂഹത്തിന് സേവനമര്‍പ്പിച്ചു.
വി.എസ്.എ തങ്ങളുടെ മരണം ഒരു കാലഘട്ടത്തിനാണ് തിരശ്ശീലയിട്ടത്. പണ്ഡിതനിരയിലെ തിളക്കമുള്ള കണ്ണി അതോടെ ചരിത്രത്തിന്റെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."