ചുവന്ന പൊലിസിന്റെ കാവിഭ്രമം
അടിയന്തരാവസ്ഥ കാലത്തെ നക്‌സലൈറ്റ് പ്രവര്‍ത്തനത്തെക്കുറിച്ച് സി.കെ അസീസ് പറയുന്ന ഒരനുഭവമുണ്ട്. 'കലാപത്തിന്റെ ആര്‍ത്തനാദം കണ്ട് നടുങ്ങിയ നിശ്ശബ്ദതയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ കൈകാലുകള്‍ കാരിരുമ്പുകള്‍ കൊണ്ട് ബന്ധിതരാക്കപ്പെട്ട്, തണുത്തുറഞ്ഞ സിമന്റ് തറയില്‍ അര്‍ധപ്രജ്ഞരായി കിടക്കുന്ന കുറേ മനുഷ്യര്‍. കൂട്ടത്തില്‍ ഞങ്ങള്‍ നാല് മലപ്പുറം മാപ്പിളമാരുമുണ്ടായിരുന്നു. ഞാനും കെ. മുഹമ്മദ് ഇസ്മാഈല്‍, എം. അബ്ദുല്‍ ഹമീദ്, അരിപ്രാത്തൊടി മുഹമ്മദ് എന്നീ സഖാക്കളും. മാലൂര്‍കുന്ന് പൊലിസ് മര്‍ദന ക്യാംപില്‍ പുറംലോകം അറിയാതെ തടവിലാക്കപ്പെട്ട നാളുകള്‍, അതിക്രൂരമായ മര്‍ദനങ്ങള്‍ നേരിടേണ്ടി വന്ന ദിവസങ്ങള്‍. ഉരുട്ടിയതിനാല്‍ കാലുകള്‍ നിവര്‍ത്താനോ നില്‍ക്കാനോ പറ്റാത്ത വിധത്തില്‍ നിശ്ചേതനമായി തീര്‍ന്ന ആ ദിവസങ്ങളില്‍ പലരും കാലില്‍ ചവിട്ടി കയറി താണ്ഡവമാടി. ആരെല്ലാം മര്‍ദിച്ചുവെന്നോ ഏതെല്ലാം മര്‍ദനമുറകള്‍ പ്രയോഗിച്ചുവെന്നോ ഇപ്പോള്‍ ഓര്‍മയില്ല. എന്നാല്‍ ഒന്നോര്‍മയുണ്ട്. ഒരു ശിവരാമന്‍, നീ മുസ്‌ലിമല്ലെടാ എന്നു ചോദിച്ച് ആക്രോശിച്ചുകൊണ്ട് ഭീകരമര്‍ദനം നടത്തിയ ശിവരാമന്‍ നീ മാപ്പിളയല്ലെടാ നായിന്റെ മോനെ എന്നലറുന്ന ശിവരാമന്റെ വൃത്തികെട്ട മുഖം. ഞങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മുസ്‌ലിമും മാപ്പിളയുമായതിനാലായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് പൊലിസ് സ്റ്റേഷന്‍ കടന്നാക്രമിച്ചു ജനതയുടെ വിയോജിപ്പ് രേഖപ്പെടുത്തിയ നകസലൈറ്റ് പ്രസ്ഥാനത്തിന്റെ അനുഭാവിയായതിന്റെ പേരിലായിരുന്നു'. (ഒരു മുസ്‌ലിം പൗരന്റെ വിയോജനക്കുറിപ്പുകള്‍)
അടിയന്തരാവസ്ഥയുടെ കാര്‍മേഘങ്ങള്‍ അകന്നെങ്കിലും അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിന്ന്. ജനാധിപത്യത്തിനായി ഉയരുന്ന ചലനങ്ങളെ നിശ്ചലമാക്കാനുള്ള ശ്രമങ്ങള്‍ പൊതുസമൂഹത്തില്‍ ശക്തമായി നടക്കുന്നതോടൊപ്പം അധികാര കേന്ദ്രങ്ങളും പങ്കാളികളാകുന്നുണ്ടെന്ന നഗ്നസത്യം പലരും അറിയാത്തതായി നടിച്ചുകൊണ്ടിരിക്കുന്നു. ഏകാത്മക ദേശീയതയ്‌ക്കെന്നപോലെ ഭൂരിപക്ഷ സംതൃപ്തിക്കായി നിയമ സംവിധാനങ്ങളും ചലിക്കുന്നത് ജനാധിപത്യരാജ്യത്തില്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതാണ്. സുതാര്യ നിയമപാലകത്വം മാത്രമേ തുല്യനീതി പൊതുസമൂഹത്തിന് നല്‍കുകയുള്ളൂ. പക്ഷേ, കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന മുസ്‌ലിം, ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള നീതി നിഷേധത്തിന്റെ ഇരകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ ഇത്തരം സമീപനങ്ങളില്‍ പൊലിസുകാരില്‍നിന്ന് ഉണ്ടാകുന്നത് ആഴത്തില്‍ വേരൂന്നുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ ഘനമേറിയ അളവുകളാണ് തെളിയിക്കുന്നത്.
അതിതീവ്രവും ക്രൂരവുമായ രീതിയില്‍ കഴിഞ്ഞ നവംബര്‍ 19നായിരുന്നു ഫൈസല്‍ എന്ന മതംമാറിയ യുവാവിനെ ഒരുപറ്റം ആര്‍.എസ്.എസുകര്‍ വെട്ടിക്കൊന്നത്. കേരളാ പൊലിസ് ഈ കൊലപാതകം കൈകാര്യം ചെയ്ത്‌കൊണ്ടിരിക്കുന്ന രൂപം തുല്യനീതിയില്‍ വിശ്വസിക്കുന്നവരെ തെല്ലൊന്നുമല്ല ആശങ്കയിലാക്കിയത്. കേസ് ഏറ്റെടുത്തത് മുതല്‍ അലംഭാവം കാട്ടിയ പൊലിസ് കൈവെട്ട് കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ യു.എ.പി.എ നിയമത്തില്‍പ്പെടുത്തിയില്ലെന്ന് മാത്രമല്ല, അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പിക്ക് മറ്റു ചുമതലകള്‍ നല്‍കി കേസിനെ അവഗണിച്ചു. ജനപ്രതിഷേധത്താല്‍ ആ ഉദ്യോഗസഥനെ മാറ്റിയെങ്കിലും കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രംബാക്കി നില്‍ക്കെ 11 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ അനാസ്ഥയാണ് ഇതിന്റെ കാരണമെന്ന് പരക്കെ ആക്ഷേപമുണ്ടെങ്കിലും ഈ ഇരട്ട നീതികളെ ആരും ചര്‍ച്ചചെയ്തില്ല. പ്രതികള്‍ നാട്ടില്‍ ഇപ്പോഴും സൈ്വര്യവിഹാരം നടത്തുന്നു.
പിണറായിയുടെ പൊലിസ് അധികാരമേറ്റടുത്തത് മുതല്‍ കാവിക്കൊടിക്ക് കൂട്ട് പിടിക്കുന്നവര്‍ക്കെതിരേയുള്ള കേസുകളിലെ മൃദുസമീപനം സ്വീകരിക്കുന്നത് പകല്‍പോലെ വ്യക്തമാണ്. ഹിന്ദു ഐക്യവേദി നേതാവ് ശശികല വര്‍ഗീയവിഷം പരത്തുന്നുവെന്ന് കേരളത്തില്‍ കേള്‍വിശക്തിയുള്ള ഓരോ പൗരനും അറിയാം. വര്‍ഗീയ പ്രഭാഷണം നടത്തിയെന്നാരോപിച്ച് ചിലര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയ കേരളപൊലിസ് ശശികലയ്‌ക്കെതിരേ നോര്‍മല്‍ കേസും എടുത്തു. പിണറായി പൊലിസിന്റെ ഇരട്ടനീതി എത്രപ്രത്യക്ഷം! ഇടതുപക്ഷത്തിന്റെ സ്റ്റേജിലും പേജിലും ബി.ജെ.പിയ്‌ക്കെതിരേ ആഞ്ഞടിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മോദിക്കെതിരേ ശബ്ദിക്കുന്നതിനെ എന്തിന് നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. 14.11. 2016 കാസര്‍കോട് സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി നടത്തിയ ശരീഅത്ത് സംരക്ഷണ റാലിക്കെതിരേ പൊലിസ് കേസെടുത്തത് പൊലിസിലെ കാവി മനസ്സിനുള്ള മറ്റൊരു തെളിവാണ്. എഫ്.ഐ.ആറില്‍ പൊലിസ് ആരോപിക്കുന്ന കുറ്റം പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചുവെന്നാണ്. ഇന്ത്യന്‍ശിക്ഷാനിയമത്തിലെ 143, 147, 145, 153, 283 തുടങ്ങിയ വകുപ്പുകളാണ് ഇതിന് ചാര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏതെങ്കിലും വകുപ്പുകളിലോ പൊലിസ് ഇട്ടിരിക്കുന്ന ഈ വകുപ്പുകളിലോ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചാല്‍ കുറ്റമാണെന്ന് പറഞ്ഞിട്ടില്ല. സാമുദായിക കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ സംഘം ചേരുക തുടങ്ങിയ കുറ്റങ്ങള്‍ എങ്ങനെയാണ് ശരീഅത്ത് സംരക്ഷണ റാലിക്കെതിരേ ചുമത്താനാകുക. സ്വമേധയാ ആണ് പൊലിസ് കേസെടുത്തിരിക്കുന്നത് എന്നത് അതിലേറെ വിചിത്രം. ഹോസ്ദുര്‍ഗ് എസ്.ഐ ആണ് പരാതിക്കാരനത്രെ! പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചാല്‍ കേരളാ പൊലിസിന്റെ അതും ഇരട്ടച്ചങ്കനെന്ന് വിശേഷിക്കപ്പെടുന്ന പിണറായി ആഭ്യന്തരം കൈയാളുമ്പേള്‍ ഇത്തരം സംഘി പരാതികള്‍ ഉണ്ടാകുന്നത് എങ്ങനെയാണ്?
ഈ വര്‍ഷം നടന്ന സ്‌കൂള്‍ കലോത്സവത്തിനിടെ കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ നിന്ന് എത്തിയ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥിക്കും കണ്ണൂര്‍ എന്നും കണ്ണൂരാണെന്ന് തെളിയിച്ചതായിരുന്നു മനോജ് എന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകവും തുടര്‍ന്ന് നടന്ന കലോത്സവ വേദിക്കു മുന്നിലൂടെയുള്ള മൃതദേഹം കൊണ്ടുപോകലും. വേറെ വഴികള്‍ പലതുമുണ്ടായിട്ടും കുട്ടികള്‍ക്ക് മുന്നിലൂടെ മൃതദേഹം കൊണ്ടു പോകാന്‍ പൊലിസ് അനുവാദം നല്‍കിയത് ബി.ജെ.പി നേതാവിന്റെ നിര്‍ബന്ധമായിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടായിട്ടും യാത്രാനുമതി നല്‍കിയ പൊലിസിന്റെ മറുപുറമായിരുന്നു പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ മൃതദേഹ പൊതുദര്‍ശനത്തിനോട് പ്രകടിപ്പിച്ചത്.
കുപ്പു ദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പൊലിസ് മേധാവി കുപ്പുദേവരാജന്റെ സഹോദരന് നല്‍കിയ കത്തില്‍ പറയുന്നത് we got reliable information that there is a plan to exhibit the dead body publicly at some places in kozhikkode city. the same will lead to serious law and order issues as the general public are opposing the move’ എന്നാണ്. കുപ്പ് ദേവ്‌രാജിന്റെ മൃതദേഹ പ്രദര്‍ശനം നടത്തുന്നത് ക്രമസമാധാനത്തിന് വിഘാതമാവുന്നതോടൊപ്പം പൊതുജനം ഈ പ്രദര്‍ശനത്തിന് എതിരാണെന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. മൃതദേഹം പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പൊതുജനം ബി.ജെ.പി മാത്രമായിരുന്നു. അഥവാ അവര്‍ മാത്രമാണോ പൊലിസിന് പൊതുജനം. പൊതുദര്‍ശനത്തിനെതിരേ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസോ ലീഗോ എതിര്‍ത്തിട്ടില്ല. എന്നുമുതലാണ് കേരള പൊലിസിന് സംഘ്പരിവാര്‍ മാത്രം പൊതുജനമായത്. ഇനി ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കലാണ് പൊലിസിന്റെ ഉദ്ദേശമെങ്കില്‍ അന്ന് മാനുഷികത പോലുമില്ലാതെ മൃതദേഹം റോഡില്‍ തടഞ്ഞ ബി.ജെ.പിക്കാര്‍ക്കെതിരേയല്ലേ കേസെടുക്കേണ്ടത്. കണ്ണൂരില്‍ മനോജിന്റെ മൃതദേഹവുമായി കലോത്സവ വേദിക്കുമുന്നിലെ യാത്ര അനാവശ്യമെന്ന് മാത്രമല്ല പ്രശ്‌നസാധ്യത ഏവര്‍ക്കും മനസ്സിലാകുമായിരുന്നിട്ടും അനുമതി നല്‍കിയ പൊലിസിന്റെ പ്രവൃത്തിയെ എന്ത് നീതിയെന്നാണ് വിളിക്കുക.
പൊലിസിനുള്ളിലെ കാവിവല്‍കരണം ഇന്ന് തുടങ്ങിയതല്ലെങ്കിലും മതേതരത്വ സംരക്ഷണ പ്രഖ്യാപനവുമായി അധികാരത്തിലേറിയ ഇടതുപക്ഷത്തില്‍ ദിനംപ്രതി ഇത്തരം സമീപനങ്ങള്‍ ഉണ്ടാകുന്നത് തുല്യനീതി പ്രതീക്ഷിക്കുന്ന ഭൂരിപക്ഷ പ്രതീക്ഷയ്‌ക്കേല്‍ക്കുന്ന അസഹനീയമായ പ്രഹരമാണ്. നീതിപൂര്‍വമായ നിയമ സംവിധാനമുള്ളിടത്തെ തുല്യനീതി പൊതു ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. ഇടതുപക്ഷ പൊലിസിന്റെ അനാസ്ഥ ജനാധിപത്യത്തിന്റെ തകര്‍ച്ചയിലാണ് എത്തിക്കുക എന്ന് പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."