പുനലൂര്‍-ചെങ്കോട്ട പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് എം.പി
കൊല്ലം: പുനലൂര്‍-ചെങ്കോട്ട റെയില്‍വേ പാതയിലൂടെ കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും വളരെയേറെ പ്രാധാന്യമുള്ളതുമായ റയില്‍വേപാത പൂര്‍ണമായും പ്രയോജനപ്പെടുത്താത്തത് കനത്ത നഷ്ടമുണ്ടാക്കുന്നതാണ്. ഗേജ്മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ലൈന്‍ കമ്മിഷന്‍ ചെയ്ത് കഴിഞ്ഞിട്ടും ഗേജ്മാറ്റ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്‍പുണ്ടായിരുന്ന ട്രെയിന്‍ സര്‍വിസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതുതായി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധ്യതയുള്ള റെയില്‍വേപാതയുടെ പ്രയോജനം ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല.
വേളാങ്കണ്ണിയിലേക്കും രാമേശ്വരത്തേക്കും പുതിയ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാനും താംബരം എക്‌സ്പ്രസ് പ്രതിദിന ട്രെയിനായി മാറ്റാനും മുന്‍പുണ്ടായിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാനും പുതിയ ട്രെയിനുകള്‍ ആരംഭിക്കാനും സത്വരനടപടി സ്വീകരിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."