തെങ്ങിനു മുകളില്‍ കുടുങ്ങിയ വിലാസിനു പുതുജീവന്‍
ചെറുവത്തൂര്‍: കൂറ്റന്‍ തെങ്ങിനു മുകളില്‍ കുടുങ്ങിപ്പോയ ഫാം തൊഴിലാളിയെ ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തി സഹപ്രവര്‍ത്തകര്‍. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലാണു സംഭവം. ഇന്നലെ രാവിലെ 7. 50 ഓടെ തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറിയതായിരുന്നു ഫാം തൊഴിലാളിയായ പി.വി വിലാസ് (37).
തെങ്ങിന്‍മുകളില്‍ നിന്നു തേങ്ങ പറിച്ചെടുക്കുന്നതിനിടയില്‍ വിലാസിനു ക്ഷീണവും കാലില്‍ മസില്‍ പിടിത്തവും അനുഭവപ്പെട്ടു. തനിക്ക് ക്ഷീണം അനുഭവപ്പെടുന്നതായി വിലാസ് സഹതൊഴിലാളികളെ അറിയിച്ചു. സഹതൊഴിലാളികളായ രാധാകൃഷ്ണനും കെ.വി അനൂപും പകച്ചു നില്‍ക്കാതെ ഈ വേളയില്‍ നടത്തിയ അവസരോചിത ഇടപെടലാണ് വിലാസിനെ കാത്തത്.
രാധാകൃഷ്ണനും അനൂപും കൈയില്‍ തോര്‍ത്തുമായി തെങ്ങിന്റെ മുകളിലേക്കു കയറി. വിലാസിനെ തെങ്ങുമായി ചേര്‍ത്തു കെട്ടി. മീറ്ററുകളോളം ഉയരത്തില്‍ ഒരാള്‍ വിലാസിനെ ചേര്‍ത്ത് പിടിച്ചും നിന്നു.
അരയില്‍ കെട്ടിയ തോര്‍ത്തില്‍ കയറുകുരുക്കി തെങ്ങിന്‍ മുകളില്‍ ചേര്‍ത്തു കെട്ടി. വീഴാതെ നില്‍ക്കാന്‍ കാല്‍പ്പാദത്തിനടിയില്‍ മരത്തടിയും കെട്ടിവച്ചു. അപ്പോഴേക്കും വിവരമറിഞ്ഞു ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
മറ്റൊരു തൊഴിലാളിയായ രാജനും ഫയര്‍മാന്‍ വി ഗോപിയും തെങ്ങില്‍ കയറി. സാഹസികമായാണു വലയ്ക്കുള്ളില്‍ ഇരുത്തി വിലാസിനെ താഴെ ഇറക്കിയത്. അവശ നിലയിലായ വിലാസിനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതാണ്ട് ഒരുമണിക്കൂര്‍ നേരം ശ്വാസമടക്കിപിടിച്ചാണ് ജീവനക്കാര്‍ എല്ലാവരും തെങ്ങിനു താഴെ നിന്നത്. ഏറെ നേരം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ അപകടമൊന്നും സംഭവിക്കാതെ വിലാസിനെ താഴെയിറക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."