ജമ്മു കശ്മിരില്‍ എസ്.എം.എസ്, കോള്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു
ശ്രീനഗര്‍: ആറുമാസത്തോളം നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജമ്മു കശ്മിരില്‍ എസ്.എം.എസ്, വോയിസ് കോള്‍ സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചു. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും ശനിയാഴ്ച മുതല്‍ സേവനങ്ങള്‍ ലഭ്യമാകും. ജമ്മു കശ്മിര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കെന്‍സാല്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇവ നേരത്തെ പുനഃസ്ഥാപിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മിരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്.
പോസ്റ്റ്‌പെയ്ഡ് 2ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ചില ഉപാധികളോടെ പുനഃസ്ഥാപിച്ചു. കര്‍ശനമായ പുനഃപരിശോധനയ്ക്ക് ശേഷമാണ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് രോഹിത് കെന്‍സാല്‍ പറഞ്ഞു.
ജമ്മുവിലെ 10 ജില്ലകളിലും കശ്മിരിലെ കുപ്‌വാര, ബന്തിപ്പോര തുടങ്ങിയ ജില്ലകളിലുമാണ് 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിച്ചത്. ചില വെബ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം മാത്രമാണ് ഉപയോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ളത്. അതേസമയം കശ്മിരിലെ ബുദ്ഗാം, ഗന്ദേര്‍ബാല്‍, ബാരാമുള്ള, ശ്രീനഗര്‍, കുല്‍ഗാം, അനന്ത്‌നാഗ്, ഷോപിയാന്‍, പുല്‍വാമ തുടങ്ങിയ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക് തുടരും.
കശ്മിരില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ യു.എന്നും യു.എസ് സര്‍ക്കാരും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെയും ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെയും കഴിഞ്ഞ ആഴ്ച സുപ്രിം കോടതി വിമര്‍ശിക്കുകയും ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുര്‍ന്ന് ഭാഗിമായി പുനഃസ്ഥാപിച്ചെങ്കിലും സര്‍വിസ് ലഭ്യമായിരുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ച ജമ്മു മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."